വയനാട് മീനങ്ങാടി സ്‌കൂള്‍ വിനോദയാത്ര വിവാദം: പ്രിന്‍സിപ്പലിന്റെ രക്തപരിശോധനാഫലം നെഗറ്റീവ്; നിയമനടപടിക്ക് ഒരുങ്ങി പ്രിന്‍സിപ്പല്‍
കല്‍പ്പറ്റ: വയനാട് മീനങ്ങാടി സ്‌കൂള്‍ വിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പല്‍ മദ്യപിച്ചെന്ന പരാതിയില്‍ നടത്തിയ രക്തപരിശോധനാഫലം നെഗറ്റീവ്. പ്രിന്‍സിപ്പല്‍ ഷിബി കൃഷ്ണന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. കഴിഞ്ഞ ഞായറാഴ്ച മീനങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ വിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന ആരോപണമാണ് വിവാദമായത്. എന്നാല്‍ പ്രിന്‍സിപ്പലിനെതിരെ തങ്ങള്‍ മദ്യപിച്ചെന്ന ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. യാത്രയ്ക്കിടെ മദ്യലഹരിയില്‍ ബസില്‍ കയറിയത് പിടിഎ പ്രസിഡന്റ് ഹാജിസ് ഉള്ളാടനാണെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം.
സംഭവമുണ്ടായി മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രിന്‍സിപ്പലിന്റെ രക്തസാമ്പിള്‍ ശേഖരിച്ചതെന്നതിനാല്‍ പരിശോധനാഫലം നെഗറ്റീവായതാകാമെന്ന് ചില രക്ഷിതാക്കള്‍ ആരോപിക്കുന്നുണ്ട്. യാത്രയ്ക്കിടെ പിടിഎ പ്രസിഡന്റ് മദ്യലഹരിയിലായിരുന്ന ദൃശ്യങ്ങള്‍ വിദ്യാര്‍ഥികള്‍ പകര്‍ത്തി രക്ഷിതാക്കള്‍ക്ക് അയച്ചുനൽകിയിരുന്നു. സംഘം തിരിച്ചെത്തിയപ്പോള്‍ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് പ്രിന്‍സിപ്പലിനെ തടഞ്ഞതോടെ സ്‌കൂള്‍ പരിസരത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. തുടര്‍ന്നാണ് പൊലീസ് ഇടപെട്ട് പ്രിന്‍സിപ്പലിനെ രക്തപരിശോധനയ്ക്ക് വിധേയനാക്കിയത്.
തനിക്കെതിരെ പരസ്യമായി ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ ഷിബി കൃഷ്ണന്‍ വ്യക്തമാക്കി. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും, വിദ്യാര്‍ഥികളാരും തനിക്കെതിരെ പരാതി ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയും തന്നെ ഭീഷണിപ്പെടുത്തിയിട്ടുള്ള ചില പിടിഎ അംഗങ്ങളാണ് ഈ സംഭവത്തിന് പിന്നിലെന്നാണ് സംശയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
.jpg)

