വയനാട് ഉരുള്‍ദുരന്തം: വെള്ളാര്‍മല സ്‌ക്കൂളിലെ വിദ്യാര്‍ഥികള്‍ പുതിയ ക്ലാസ് മുറികളിലേക്ക്

Wayanad landslide: Students of Vellarmala School move to new classrooms
Wayanad landslide: Students of Vellarmala School move to new classrooms

കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ സ്‌ക്കൂള്‍ നഷ്ടപ്പെട്ട വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ വിദ്യാര്‍ഥികള്‍ ഇന്ന് (തിങ്കള്‍) മുതല്‍ പുതിയ ക്ലാസ് മുറികളില്‍ പഠിച്ചു തുടങ്ങും. ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബിഎഐ) യാണ് മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള ക്ലാസ് മുറികള്‍ ഇവര്‍ക്കായി നിര്‍മിച്ചു നല്‍കിയത്.

tRootC1469263">

ഉരുള്‍പൊട്ടല്‍ ദുരന്തത്തിനു ശേഷം വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിലാണ് പ്രവര്‍ത്തിക്കുന്നത്. ബിഎഐ എട്ട് ക്ലാസ് മുറികളും 10 ശുചിമുറികളുമാണ് ഇവര്‍ക്കായി  നിര്‍മിച്ചു നല്‍കിയത്. ഹൈസ്‌ക്കൂളിലെ ആറ് ഡിവിഷനുകള്‍ ഇന്നു മുതല്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ആറ് ഡിവിഷനുകളിലായി 250 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ഇതിനു പുറമെ സ്റ്റാഫ് റൂം, ലാബ് എന്നിവയാണ് മറ്റ് രണ്ട് മുറികളില്‍ ഇന്നു മുതല്‍ പ്രവര്‍ത്തിക്കുക. മൂന്ന് കോടി ചെലവഴിച്ച് 12 ക്ലാസ് മുറികളും 16 ശുചിമുറികളുമാണ് ബിഎഐ ഇവര്‍ക്കായി നിര്‍മിച്ചു നല്‍കുന്നത്. നാല് ക്ലാസ് മുറികളുടെയും ആറ് ശുചിമുറികളുടെയും നിര്‍മാണം ജൂണ്‍ അവസാനത്തോടെ പൂര്‍ത്തിയാവും.

വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ എല്‍പി, യുപി, ഹൈസ്‌ക്കൂള്‍ വിഭാഗങ്ങളിലായി 460 വിദ്യാര്‍ഥികളും  പ്ലസ്ടു വിഭാഗത്തില്‍ 90 വിദ്യാര്‍ഥികളുമാണുള്ളത്. ഒന്നാം ക്ലാസു മുതല്‍ പത്താം ക്ലാസു വരെ 17 ഡിവിഷനുകളും പ്ലസ്ടുവിന് നാല് ഡിവിഷനുകളുമുണ്ട്.
ഇന്ന് രാവിലെ 10ന് ബിഎഐ ഭാരവാഹികള്‍, സ്‌ക്കൂളിലെ അധ്യാപകര്‍ എന്നിവര്‍ ചേര്‍ന്ന് ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ കുട്ടികളെ സ്വീകരിക്കും. ഇതിനു ശേഷം എസ്എസ്എല്‍സി പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടിയ വെള്ളാര്‍മല ഹൈസ്‌ക്കൂളിലെ 25 അധ്യാപകരെ ബിഎഐ യുടെ നേതൃത്വത്തില്‍ ആദരിക്കും. മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ നടക്കുന്ന ചടങ്ങ് ബിഎഐ ദേശീയ വൈസ് പ്രസിഡന്റ് എന്‍ രഘുനാഥന്‍ ഉദ്ഘാടനം ചെയ്യും. പ്ലസ്ടു പരീക്ഷയില്‍ 83 ശതമാനം വിജയം നേടിയ വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ 11 അധ്യാപകരെയും ചടങ്ങില്‍ ആദരിക്കും.

ബിഎഐ സംസ്ഥാന ചെയര്‍മാന്‍ കെ എ ജോണ്‍സണ്‍,  മുന്‍ സംസ്ഥാന ചെയര്‍മാന്‍ സുരേഷ് പൊറ്റെക്കാട്ട്, സംസ്ഥാന സെക്രട്ടറി സൈജന്‍ കുര്യാക്കോസ് ഓലിയാപ്പുറം, സംസ്ഥാന ട്രഷറര്‍ കെ സതീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ബിന്ദു കെ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബാബു കെ, വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ ഭവ്യ ലാല്‍, വെള്ളാര്‍മല ഹൈസ്‌ക്കൂള്‍ ഹെഡ്മാഷ് ഇന്‍ ചാര്‍ജ് ഉണ്ണികൃഷ്ണന്‍ വി, ശ്രീജിത്ത് പിഎം, മേപ്പാടി പഞ്ചായത്ത് മെമ്പര്‍ സികെ നൂറുദ്ദീന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

രണ്ട് ലക്ഷം രൂപ ചെലവഴിച്ച് സ്‌ക്കൂളില്‍ രണ്ട് വാട്ടര്‍ പ്യൂരിഫയര്‍ യൂണിറ്റുകളും പബ്ലിക് അഡ്രസ് (പിഎ) സിസ്റ്റവും ബിഎഐയുടെ നേതൃത്വത്തില്‍ ഇന്ന് ഒരുക്കി കൊടുക്കും. സ്റ്റാഫ് അനൗണ്‍സ്‌മെന്റിനും സ്‌ക്കൂളിലെ അസംബ്ലിക്കുമായാണ് പബ്ലിക് അഡ്രസ് സിസ്റ്റം ഉപയോഗിക്കുക. ബിഎഐയുടെ സംസ്ഥാനത്തെ 22 സെന്ററുകളില്‍ നിന്നായി 100 പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും.
 

Tags