വയനാട് മണ്ണിടിച്ചിൽ; വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു; ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കും
വയനാട്: കള്ളാടി തുരങ്കപാത നിർമാണ മേഖലയിൽ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങളും നിർമാണ കമ്പനി കൂട്ടിയിട്ടിരിക്കുന്ന മണ്ണും സുരക്ഷിതമായി നീക്കം ചെയ്യുന്നത് പരിശോധിക്കാൻ വിദഗ്ധ സമിതി മണ്ണിടിച്ചിൽ മേഖല സന്ദർശിച്ചു. കോഴിക്കോട് എൻഐടി പ്രൊഫസർ ഡോ. സന്തോഷ് ജി. തമ്പി, കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ശ്രീലേഷ് എന്നിവരടങ്ങിയ സംഘമാണ് ബുധനാഴ്ച രാവിലെ കള്ളാടിയിലെത്തിയത്. മണ്ണിടിച്ചിലുണ്ടായ പ്രദേശത്തും നിർമാണ മേഖലയിലും മണ്ണ് കൂട്ടിയിട്ട സ്ഥലങ്ങളിലും സംഘം വിശദമായ പരിശോധന നടത്തി.
തുരങ്കപാത നിർമാണ മേഖലയിലെ മണ്ണും അവശിഷ്ടങ്ങളും സുരക്ഷിതമായി നീക്കം ചെയ്യുന്നത് സംബന്ധിച്ച പരിശോധനയാണ് നടന്നതെന്നും പ്രദേശത്തെ ആകാശ ദൃശ്യങ്ങൾ കൂടി ഇനി പരിശോധിക്കുമെന്നും സംഘാംഗം ഡോ. സന്തോഷ് ജി. തമ്പി പറഞ്ഞു. നിലവിൽ മഴയില്ലാത്തതിനാൽ പ്രദേശത്ത് പരിശോധനയ്ക്ക് അനുകൂല സാഹചര്യമാണുള്ളത്. പരിസര ഭൂപ്രദേശങ്ങൾ വിശദമായി നിരീക്ഷിച്ച ശേഷം സമിതി മേഖലയിൽ സമഗ്രമായ പഠനം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
.jpg)

