വയനാട്ടിൽനിന്ന് കാണാതായ വീട്ടമ്മ കണ്ണൂരിലെ വനത്തിൽ മരിച്ചനിലയിൽ

dead

തലപ്പുഴ: വെണ്മണി ചുള്ളിയിൽനിന്ന് 11 ദിവസംമുമ്പ് കാണാതായ വീട്ടമ്മയെ കണ്ണൂരിൽ മരിച്ചനിലയിൽ കണ്ടെത്തി. ചുള്ളി ഇരട്ട പീടികയില്‍ ലീലാമ്മ(65)യാണ് മരിച്ചത്. കണ്ണൂർ കോളയാട് ചങ്ങലഗേറ്റിനു സമീപത്തുള്ള പന്നിയോട് വനത്തിലാണ് ബുധനാഴ്ച വൈകീട്ട് ലീലാമ്മയുടെ മൃതദേഹം കണ്ടെത്തിയത്.

വനംവകുപ്പ് ജീവനക്കാരും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിട്ടിയത്. ബന്ധുക്കൾ സ്ഥലത്തെത്തി മൃതദേഹം ലീലമ്മയുടെതാണെന്ന് സ്ഥിരീകരിച്ചു. മാര്‍ച്ച് നാലിനാണ് ഇവരെ കാണാതായത്. മരുന്നുവാങ്ങണമെന്നറിയിച്ച് വീട്ടില്‍നിന്ന് ഇറങ്ങിയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ തലപ്പുഴ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

സുൽത്താൻ ബത്തേരിയില്‍നിന്ന് കണ്ണൂരിലേക്ക് പോകുന്ന സ്വകാര്യ ബസില്‍ ഇവര്‍ യാത്രചെയ്തതായി പിന്നീട് ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കണ്ണൂർ കോളയാട് ഇറങ്ങി ചങ്ങലഗേറ്റിൽ എത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.

അവിടെനിന്നും നരിക്കോട്ട് മലയിലേക്ക് പോകുന്ന വനത്തിലെ വഴിയില്‍ വീട്ടമ്മയെ പ്രദേശത്തെ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടിരുന്നു. തുടർന്ന് വനം വകുപ്പ് ജീവനക്കാരും പ്രദേശവാസികളും ബന്ധുക്കളും ഈ ഭാഗത്ത് പലതവണ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്ച പന്നിയോട് വനമേഖലയിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്.

ഭർത്താവ്: പരേതനായ ജോർജ്. മക്കൾ: പ്രിൻസി, റിൻസി, അക്ഷയ്.

Share this story