തിരുവനന്തപുരത്തെ വിവിധ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും : വാട്ടര്‍ അതോറിറ്റി
തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി. നഗരത്തിലെ സ്മാര്‍ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് അട്ടക്കുളങ്ങര ജംഗ്ഷനില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ ഇന്റര്‍ കണക്ഷന്‍ ജോലികള്‍ നടക്കുന്നതിനാല്‍ 2024 സെപ്റ്റംബര്‍ രണ്ടിന് രാത്രി എട്ട് മണി മുതല്‍ സെപ്റ്റംബര്‍ മൂന്നിന് രാത്രി എട്ട് മണി വരെയാണ് ജല വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
വാട്ടര്‍ അതോറിറ്റിയുടെ കുര്യാത്തി സെക്ഷന്‍ പരിധിയില്‍ വരുന്ന പ്രദേശങ്ങളായ തമ്പാനൂര്‍, ഫോര്‍ട്ട്, ശ്രീവരാഹം, ചാല, വലിയശാല, കുര്യാത്തി, മണക്കാട്, ആറ്റുകാല്‍, വള്ളക്കടവ്, മുട്ടത്തറ, കമലേശ്വരം, കളിപ്പാന്‍ കുളം, പെരുന്താന്നി, ശ്രീകണ്‌ഠേശ്വരം തുടങ്ങിയ വാര്‍ഡുകളെയാണ് 24 മണിക്കൂര്‍ നേരത്തെ ജലവിതരണ നിയന്ത്രണം ബാധിക്കുന്നത്.
ഈ പ്രദേശങ്ങളില്‍ ശുദ്ധജലവിതരണം പൂര്‍ണമായും തടസ്സപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഇവിടങ്ങളിലുള്ള ഉപഭോക്താക്കള്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു.