ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നേക്കും; തീരപ്രദേശങ്ങളിലുള്ളവരെ അടിയന്തരമായി ഒഴിപ്പിക്കാന്‍ തൃശൂര്‍ ജില്ലാ കളക്ടറുടെ ഉത്തരവ്

chalakkudi river

പുഴയില്‍ വെള്ളം കയറാന്‍ സാധ്യതയുള്ള മേഖലകളിലുള്ള മുഴുവന്‍ ആളുകളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്കോ, ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ, ബന്ധുവീടുകളിലേക്കോ അടിയന്തരമായി മാറ്റണം

ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് അപകടനില കവിയാന്‍ സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരെ രാത്രി തന്നെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണായ ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ ഉത്തരവിട്ടു. ചാലക്കുടിപ്പുഴയില്‍ നിലവില്‍ 6 മീറ്റര്‍ കവിഞ്ഞ് വെള്ളം ഉയര്‍ന്ന സാഹചര്യത്തിലും, കനത്ത മഴ തുടരുന്നതിനാലും, പെരിങ്ങല്‍ക്കുത്ത് ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം പുറത്തേക്ക് വിടുന്നതിനാലും രാത്രിയോടെ ജലനിരപ്പ് കൂടുതല്‍ ഉയര്‍ന്നേക്കുമെന്ന വിലയിരുത്തലിലാണ് നടപടി. ദുരന്തനിവാരണ നിയമം 2005 ലെ സെക്ഷന്‍ 30, 34 പ്രകാരമാണ് അടിയന്തര നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്.


പുഴയില്‍ വെള്ളം കയറാന്‍ സാധ്യതയുള്ള മേഖലകളിലുള്ള മുഴുവന്‍ ആളുകളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്കോ, ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ, ബന്ധുവീടുകളിലേക്കോ അടിയന്തരമായി മാറ്റണം തഹസീല്‍ദാര്‍മാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും ഒഴിപ്പിക്കല്‍ നടപടികളുടെ നേരിട്ടുള്ള ചുമതല നല്‍കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാനും കുടിവെള്ളം, ഭക്ഷണം, വെളിച്ചം, ശൗചാലയ സൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കാനും നിര്‍ദേശമുണ്ട്. വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ പ്രദേശങ്ങളില്‍ മൈക്ക് അനൗണ്‍സ്മെന്റ് വഴി മുന്നറിയിപ്പ് സന്ദേശങ്ങള്‍ നല്‍കണം.

Tags