ഇരട്ടയാര്‍ അണക്കട്ടില്‍ കക്കൂസ് മാലിന്യം തള്ളിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു

google news
waste

ഇടുക്കി കട്ടപ്പനയ്ക്ക് അടുത്തുള്ള ഇരട്ടയാര്‍ അണക്കട്ടില്‍ കക്കൂസ് മാലിന്യം തള്ളിയ രണ്ട് പേരെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശികളായ രാംലാല്‍, സന്തോഷ് എന്നിവരാണ് പിടിയിലായത്. ആറാം തീയതി രാത്രിയിലാണ് സംഭവം നടന്നത്. കട്ടപ്പന നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിലെ സെപ്റ്റിക് ടാങ്കില്‍  നിന്ന് ശേഖരിച്ച  മാലിന്യമാണ്  ഇരട്ടയാര്‍ അണക്കെട്ടില്‍ രണ്ടിടങ്ങളിലായി തള്ളിയത്. തുടര്‍ന്ന് രാത്രി തന്നെ ഡ്രൈവറായ ആലപ്പുഴ തേവര്‍വട്ടം  രാംനിവാസില്‍ രാംലാലും, സഹായിയായ എരമല്ലൂര്‍ സന്തോഷ് ഭവനില്‍ സന്തോഷും വാഹനവുമായി ആലപ്പുഴയിലേയ്ക്ക് കടന്നു.

ശുദ്ധജല പദ്ധതികളുടെ പ്രവര്‍ത്തനം ഉള്‍പ്പെടെ അവതാളത്തിലായതോടെ ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ്  പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികളെ വേഗത്തില്‍ പിടികൂടാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലാ കളക്ടര്‍ കട്ടപ്പന ഡിവൈഎസ്പിക്ക് കത്തും നല്‍കി. തുടര്‍ന്ന് ഇരട്ടയാര്‍ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലുള്ള സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ്  വാഹനം പൊലീസ്  കണ്ടെത്തിയത്.

തുടര്‍ന്ന് രാംലാലിനെയും സന്തോഷിനെയും കട്ടപ്പന സ്റ്റേഷനില്‍ വിളിച്ച് വരുത്തി അറസ്റ്റ് രേഖപ്പടുത്തുകയായിരുന്നു. ടാങ്കര്‍ ലോറിയുടെ വാല്‍വ് തകരാറിലായതിനെ തുടര്‍ന്നാണ് മാലിന്യം ജലസംഭരണിയില്‍ തള്ളിയതെന്നാണ് പ്രതികളുടെ വിശദീകരണം. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കല്‍, കുടിവെള്ളം മലിനമാക്കല്‍, പൊതുജന ആരോഗ്യം നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. .

Tags