തിരുവല്ലയിലെ കുറ്റൂർ നിവാസികൾക്ക് ദുരിതമായി പ്രളയത്തിൽ നദികളിൽ നിന്നും ഒഴുകിയെത്തിയ മാലിന്യങ്ങൾ
തിരുവല്ല : പ്രളയത്തിൽ നദികളിൽ നിന്നും തോടുകളിലൂടെ ഒഴുകിയെത്തിയ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ തിരുവല്ലയിലെ കുറ്റൂർ നിവാസികൾക്ക് ദുരിതമാകുന്നു. കുറ്റൂർ മേഖലയിലെ വിവിധ ഇടങ്ങളിൽ കൃഷിയിടങ്ങളിലും പുരയിടങ്ങളിലും കൈത്തോളുകളിലും ആയി മാലിന്യം അടിഞ്ഞുകൂടി കിടക്കുന്നത് കർഷകർക്കും നാട്ടുകാർക്കും ഒരുപോലെ ദുരിതം വിതയ്ക്കുകയാണ്.
മണിമലയാറ്റിൽ നിന്നും മധുരമ്പുഴ ചാൽ വഴി ചേരിക്കൽ തോട് വഴി തെങ്ങേലി ആഞ്ഞിലിക്കുഴിയാർ വരെയുള്ള ഭാഗങ്ങളിലാണ് മാലിന്യങ്ങൾ അടിഞ്ഞു കൂടിയിരിക്കുന്നത്. എംസി റോഡിനോട് ചേർന്ന് ഉള്ള കോതാട്ട് ചിറ കലിംഗന സമീപത്തെ നിലം നികത്തിയോടെയാണ് ഇതുവഴി ഉള്ള നീരൊഴുക്ക് കൃത്യമല്ലാതെ ആയത്. ഇതോടെ വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തുന്ന മാലിന്യങ്ങൾ പ്രദേശത്തെ പുരയിടങ്ങളിലും കൈത്തോടുകളിലുമായി കെട്ടിക്കിടക്കുന്ന അവസ്ഥയായി. തോടിന് ആഴവും വീതിയും കൂട്ടുന്നതിന് താലൂക്ക് അദാലത്തിൽ മൈനർ ഇറിഗേഷൻ വകുപ്പിനെ ചുമതലപ്പെടുത്തിയെങ്കിലും പിന്നീട് നടപടി ഒന്നും ഉണ്ടായില്ല എന്ന് നാട്ടുകാർ പറയുന്നു.
നീരൊഴുക്ക് തടസ്സമായതോടെ എംസി റോഡിന് കിഴക്കുവശം ഉള്ള കടകളിലും നാനൂറോളം വീടുകളിലും വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചിരുന്നു. തോടിന് സമീപമുള്ള വിവിധ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 15 ഏക്കറോളം കൃഷിയിടങ്ങളിലും പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞു കൂടിയിട്ടുണ്ട്. പുരയിടങ്ങളിൽ കെട്ടിക്കിടക്കുന്ന മാലിന്യം കൂലിക്ക് ആളുകളെ നിർത്തി ഭൂമി തെളിച്ചെടുക്കാൻ കർഷകർ കഷ്ടപ്പെടുകയാണ്. ഇതിന് ശാശ്വത പരിഹാരം ഉണ്ടാവണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.
.jpg)

