വഖഫ് ബോർഡ് വിഷയം; സംസ്ഥാന സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

Waqf Board issue; Opposition leader Pinarayi Vijayan criticizes state government's move

തിരുവനന്തപുരം: വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വഖഫ് ബോര്‍ഡില്‍ അമുസ്ലീങ്ങളെ ഉള്‍പ്പെടുത്താനുള്ള നീക്കം സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്നും ഇത് നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെയാകെ സ്തംഭിപ്പിക്കാന്‍ ഉതകുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. വഖഫ് ബോര്‍ഡ് മാനേജ്മെന്റില്‍ അമുസ്ലീങ്ങളെ തിരുകിക്കയറ്റാനുള്ള ശ്രമം ഗൗരവകരമാണ്. ഇത്തരം നടപടികള്‍ രാജ്യത്തെ മതനിരപേക്ഷ നിലപാടുകള്‍ക്ക് വിരുദ്ധമാണെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ സ്വീകരിക്കുന്നതിന് സമാനമായ നിലപാടാണ് കേരളത്തിലെ സര്‍ക്കാരും ഇപ്പോള്‍ സ്വീകരിക്കുന്നതെന്നും പിണറായി പറഞ്ഞു.

ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് വന്ന കേസില്‍ ഹര്‍ജിക്കാര്‍ക്കൊപ്പം ചേര്‍ന്ന് ഒത്തുകളിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇതിലൂടെ വഖഫ് ബോര്‍ഡിന്റെ സ്വതന്ത്ര സ്വഭാവം നഷ്ടപ്പെടുത്താനാണ് നീക്കമെന്നും പിണറായി ആരോപിച്ചു. ഇന്ന് മുസ്ലിം വിഭാഗത്തിനെതിരെ സ്വീകരിക്കുന്ന ഈ നിലപാട് നാളെ മറ്റു മതവിഭാഗങ്ങളുടെ കാര്യത്തിലും സര്‍ക്കാര്‍ സ്വീകരിച്ചേക്കാമെന്ന ആശങ്കയുണ്ട്. സംഘപരിവാര്‍ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങുന്ന രീതിയിലുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഇത് മതനിരപേക്ഷമായ സമീപനത്തിന് ഒട്ടും നിരക്കാത്തതാണെന്നും പിണറായി പറഞ്ഞു.

വഖഫ് ബോര്‍ഡില്‍ അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തുന്നതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി കൊടുത്ത രാഷ്ട്രീയ പാര്‍ട്ടിയാണ് ലീഗ്. ലീഗിന്റെ മന്ത്രിക്കാണ് വഖഫ് വകുപ്പിന്റെ ചുമതലയുള്ളത്. ചുമതല ഏറ്റെടുത്ത ഉടന്‍ ലീഗിന്റെ പ്രഖ്യാപിത നയത്തിനെതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇത് മന്ത്രിയുടെ വ്യക്തിപരമായ നിലപാടാണ് എന്ന് കരുതുന്നില്ല. മുസ്ലിം ലീഗിന്റെ നിലപാടില്‍ മാറ്റം വന്നതിന്റെ ഭാഗമായാകാം മന്ത്രി ഈ നിലപാട് സ്വീകരിച്ചത് എന്ന് മാത്രമേ കരുതാന്‍ കഴിയൂ. ഇത് വിരോധാഭാസമാണെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

Tags