ഭരണഘടന വിരുദ്ധമായ വഖഫ് ഭേദഗതി ബില്ലിനെതിരെ കോടതിയെ സമീപിക്കും : സമസ്ത മുശാവ


കോഴിക്കോട് : രാജ്യത്തിന്റെ മതേതരത്വ മൂല്യങ്ങളും ന്യൂനപക്ഷ അവകാശങ്ങളും കവർന്നെടുക്കുന്ന ഭരണഘടന
വിരുദ്ധമായ വഖഫ് ഭേദഗതി ബില്ലിനെതിരെ കോടതിയെ സമീപിക്കാൻ സമസ്ത കേരള ജംഇയ്യതുൽ ഉലമ മുശാവറ തീരുമാനിച്ചു. യോഗം ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. കോഴിക്കോട് അടിയന്തരമായി ചേർന്ന യോഗത്തിലാണ് തീരുമാനം. വഖഫ് സ്വത്തുക്കളെ ഇല്ലായ്മ ചെയ്യാനുമുള്ള നീക്കമാണ് ബില്ലിന് പിന്നിൽ. പാർലമെന്റിൽ മതേതര രാഷ്ട്രീയ പാർട്ടികൾ ഉന്നയിച്ച പല ചോദ്യങ്ങൾക്കും സർക്കാറിന് കൃത്യമായ ഉത്തരം നൽകാൻ കഴിഞ്ഞിട്ടില്ല.

ഈ പ്രതിസന്ധി ഘട്ടത്തിൽ നീതിപീഠത്തെ സമീപിക്കുകയേ വഴിയുള്ളൂവെന്നും സമസ്ത മുശാവറ അഭിപ്രായപ്പെട്ടു. സയ്യിദ് അലി ബാഫഖി, സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി, കെ.പി. മുഹമ്മദ് മുസ്ലിയാർ കൊമ്പം, സി. മുഹമ്മദ് ഫൈസി പന്നൂര്, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല തുടങ്ങിയവർ പങ്കെടുത്തു.