കാത്തിരിപ്പുകൾക്കും അവഗണനകൾക്കും അറുതി !! ഇനി പെരുമ്പളത്തുകാരുടെ ജീവിതത്തിലും മഴവില്ലഴക് വിരിയട്ടെ’; മമ്മൂട്ടി
പെരുമ്പളത്തുകാരുടെ ദീർഘകാല സ്വപ്നമായ പെരുമ്പളം പാലം ഇന്ന് യാഥാർത്ഥ്യമാകും . സംസ്ഥാനത്തെ ഏറ്റവും വലിയ പാലങ്ങളിൽ ഒന്നായ പെരുമ്പളം പാലം കിഫ്‌ബി മുഖേന 100 കോടി രൂപ ചെലവഴിച്ചാണ് നിർമിച്ചത്. പാലം യാഥാർത്ഥ്യമാക്കിയ എൽഡിഎഫ് സർക്കാരിനും ഒപ്പം പെരുമ്പളം നിവാസികൾക്കും ആശംസകൾ അറിയിച്ചിരിക്കുകയാണ് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി.
സാധാരണക്കാരന്റെ സങ്കടങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്നതാണ് യഥാർത്ഥ വികസനം എന്ന് താൻ വിശ്വസിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം രണ്ട് കരകൾ കൈക്കോർക്കുമ്പോൾ മാറുന്നത് ദൂരമല്ല, ഒരു ജനതയുടെ ജീവിതമാണെന്നും പറഞ്ഞു. മമ്മൂട്ടിയുടെ നാടായ ചെമ്പിന്റെ മറുകരയിലാണ് അരുകുറ്റിയും വടുതലയും പെരുമ്പളവും. ഇപ്പോൾ അവയെല്ലാം ഒരു നാടായെന്ന് അദ്ദേഹം പറയുന്നു.
മമ്മൂട്ടിയുടെ വാക്കുകൾ
‘രണ്ട് കരകൾ കൈക്കോർക്കുമ്പോൾ മാറുന്നത് ദൂരമല്ല ഒരു ജനതയുടെ ജീവിതമാണ്. ഇന്നലെവരെ പെരുമ്പളവും ഒരു ഒറ്റപ്പെട്ട തുരുത്തായിരുന്നു.
അസുഖം വന്നാൽ ആശുപത്രിയിൽ എത്താൻ വൈകുന്ന ആകുലതകൾ, സമയത്തിന് ജോലിക്ക് പോകാൻ കഴിയാത്ത വേവലാതികൾ, ഒരു വിവാഹാലോചന വന്നാൽ പോലും ‘അക്കരെ’ എന്ന ദൂരം വില്ലനായ നിമിഷങ്ങൾ. ആ കാത്തിരിപ്പുകൾക്കും അവഗണനകൾക്കും ഇപ്പോൾ അറുതിയാവുകയാണ്.
എന്റെ നാട് ചെമ്പിന്റെ അക്കരയായിരുന്നു അരുകുറ്റിയും വടുതലയും പെരുമ്പളവും ഒക്കെ ഇപ്പോൾ അവയെല്ലാം ഒരു നാടായി. സാധാരണക്കാരന്റെ സങ്കടങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്നതാണ് യഥാർത്ഥ വികസനം എന്ന് ഞാൻ വിശ്വസിക്കുന്നു. ആ പാലത്തിന്റെ ആർച്ചുകളിലെ നിറങ്ങൾ പോലെ ഇനി പെരുമ്പളത്തുകാരുടെ ജീവിതത്തിലും മഴവില്ലഴക് വിരിയട്ടെ. കെട്ടിനിന്ന ജീവിതം ഇനി ഒഴുകി തുടങ്ങും, പുതിയ വേഗത്തിൽ പുത്തൻ നിറങ്ങളോടെ… എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ’. മുഖ്യമന്ത്രി പിണറായി വിജയനും സമൂഹ മാധ്യമങ്ങളിൽ മമ്മൂട്ടിയുടെ വാക്കുകള്‍ പങ്കുവെച്ചിട്ടുണ്ട്.
.jpg)


