വടക്കനാട് 27 കാരനെ വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

dead

 സുൽത്താൻബത്തേരി: വടക്കനാട് പള്ളിവയൽ ഊരിലെ ഗോത്രവയോധിക തങ്കിയെ (64) കാണാതായ സംഭവത്തിൽ പോലീസ് മൊഴിയെടുത്തതിനു പിന്നാലെ, കാണാതായ ഇവരുടെ കൊച്ചുമകനെ വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിവയൽ ഊരിലെ രാജന്റെ മകൻ സുധീഷ് എന്ന മുരളിയെയാണ് (27) ഓഗസ്റ്റ് 16-ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഊരിന് നാനൂറു മീറ്ററോളം അകലെയുള്ള കൊളിച്ചിപ്പാറ വനത്തിലെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ ശരീരത്തിൽനിന്ന് രക്തംവാർന്ന പാടുകളുള്ളത് സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ ജൂലായ് 30-നാണ് തങ്കിയെ ഊരിൽനിന്ന് കാണാതാകുന്നത്. വീട്ടിൽ തനിച്ചു താമസിച്ചിരുന്ന വയോധിക സമീപവീടുകളിൽ ചെറുജോലികൾക്ക് പോകാറുണ്ടായിരുന്നു. ഇവരെ കാണാതായതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയും തുടർന്ന് ഈമാസം എട്ടിന് പോലീസും വനംവകുപ്പും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് പോലീസ് നായയെ എത്തിച്ച് സംയുക്തപരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഊരിലെ തങ്കിയുടെ വീട്ടിൽ ഇടയ്ക്കിടെ താമസിക്കാറുണ്ടായിരുന്ന സുധീഷിന്റെ മൊഴി തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് രേഖപ്പെടുത്തിയിരുന്നു.

ഓഗസ്റ്റ് 14-ന് ഊരിന് കുറച്ചകലെയുള്ള സ്ഥലത്ത് വെൽഡിങ് ജോലിക്ക് പോയ സുധീഷിനെ പോലീസ് അവിടെയെത്തിയും മൊഴിയെടുത്തശേഷം തിരികെ അയച്ചിരുന്നു. അന്ന് വൈകീട്ട് മുതലാണ് സുധീഷിനെ കാണാതാകുന്നത്. തുടർന്ന് ഓഗസ്റ്റ് 16-ന് പോലീസിൽ പരാതി നൽകാനിരിക്കേയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകീട്ട് അഞ്ചരയോടെ ബത്തേരി തഹസിൽദാരുടെ സാന്നിധ്യത്തിലാണ് മൃതദേഹപരിശോധന നടത്തിയത്. ഓഗസ്റ്റ് 1-ന് ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടക്കും. തങ്കിയുടെ തിരോധാനവും കൊച്ചുമകന്റെ മരണവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്നത് പോലീസ് ഗൗരവമായി അന്വേഷിച്ചുവരുകയാണ്. എന്നാൽ, കാണാതായി ദിവസങ്ങൾ പിന്നിട്ടിട്ടും വയോധികയെക്കുറിച്ചുള്ള യാതൊരു വിവരവും ഇതുവരെ ലഭ്യമായിട്ടില്ല.

Tags