തൃക്കരിപ്പൂരില്‍ വോട്ടിങ് യന്ത്രത്തിലെ പിഴവ്:വോട്ടുകള്‍ എണ്ണുന്നത് വിവിപാറ്റ് സ്ലിപ്പുകള്‍ വഴി
യന്ത്രത്തില്‍ 990 വോട്ടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, അതില്‍ മോക്ക് പോള്‍ സമയത്ത് ചെയ്ത 50 വോട്ടുകള്‍ കൂടി ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ആദ്യഘട്ടത്തില്‍ ഈ ബൂത്തിലെ വോട്ടുകള്‍ എണ്ണില്ല.
കാഞ്ഞങ്ങാട് :തൃക്കരിപ്പൂർ മണ്ഡലത്തിലെ തിമിരി നാലിലാംകണ്ടം ഗവ. യു.പി. സ്കൂളിലെ 47-ാം നമ്പർ ബൂത്തില്‍ വോട്ടെണ്ണല്‍ നടപടികളില്‍ മാറ്റമുണ്ടാകും.പോളിങ് ദിവസം മോക്ക് പോള്‍ ചെയ്ത വോട്ടുകള്‍ വോട്ടിങ് യന്ത്രത്തില്‍ (EVM) നിന്ന് നീക്കം ചെയ്യാൻ വിട്ടുപോയതാണ് ഇതിന് കാരണമായത്.
യന്ത്രത്തില്‍ 990 വോട്ടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, അതില്‍ മോക്ക് പോള്‍ സമയത്ത് ചെയ്ത 50 വോട്ടുകള്‍ കൂടി ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ആദ്യഘട്ടത്തില്‍ ഈ ബൂത്തിലെ വോട്ടുകള്‍ എണ്ണില്ല.
യന്ത്രത്തില്‍ നിന്ന് വോട്ടുകള്‍ മാറ്റിയില്ലെങ്കിലും വിവിപാറ്റ് (VVPAT) മെഷീനില്‍ നിന്ന് മോക്ക് പോള്‍ സ്ലിപ്പുകള്‍ കൃത്യമായി നീക്കം ചെയ്തിരുന്നു. അതിനാല്‍ വിവിപാറ്റ് മെഷീനില്‍ നിലവിലുള്ളത് വോട്ടർമാർ രേഖപ്പെടുത്തിയ വോട്ടുകള്‍ മാത്രമാണ്.
വോട്ടെണ്ണല്‍ ദിവസം മറ്റ് ബൂത്തുകളിലെ നടപടികള്‍ പൂർത്തിയായ ശേഷം ഈ ബൂത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണിയാണ് സ്ഥാനാർത്ഥികള്‍ക്ക് ലഭിച്ച വോട്ട് തിട്ടപ്പെടുത്തുക. ഓരോ മണ്ഡലത്തിലും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുന്നതിനൊപ്പമായിരിക്കും ഈ ബൂത്തിലെയും സ്ലിപ്പുകള്‍ പരിശോധിക്കുക.
മോക്ക് പോള്‍ സമയത്ത് ഏജന്റുമാർ രേഖപ്പെടുത്തിയ വോട്ടുകളുടെ വിവരങ്ങള്‍ അടങ്ങിയ സർട്ടിഫിക്കറ്റും അധികൃതരുടെ പക്കലുണ്ട്. വോട്ടിങ് യന്ത്രത്തില്‍ നിന്ന് വോട്ടുകള്‍ മാറ്റിയിട്ടില്ലെന്ന കാര്യം സ്ഥാനാർത്ഥികളുടെ ഏജന്റുമാരെ ബോധ്യപ്പെടുത്തുകയും അവരില്‍ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങുകയും ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.മോക്ക് പോള്‍ സ്ലിപ്പുകള്‍ നിലവില്‍ പ്രത്യേക കവറില്‍ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണ്.
.jpg)

