കടുത്ത നിബന്ധനകളുണ്ടായിട്ടും അതൊന്നും പാലിക്കാതെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റം നടക്കുന്നത് ; തോമസ് ഐസക്
തിരുവനന്തപുരം: കടുത്ത നിബന്ധനകളുണ്ടായിട്ടും അതൊന്നും പാലിക്കാതെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റം നടക്കുന്നതെന്ന് തോമസ് ഐസക് ആരോപിച്ചു. ഓഹരി കൈമാറ്റ വിഷയം മന്ത്രിസഭ ചർച്ച ചെയ്തിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും, പോർട്ടിന്റെ ഓഹരിയല്ല കൈമാറുന്നതെന്ന മുഖ്യമന്ത്രിയുടെ വാദം എന്ത് അർത്ഥത്തിലാണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യഥാർത്ഥത്തിൽ അദാനി പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരിയാണ് ഇവിടെ കൈമാറുന്നത്. പുതിയ സിഇഒ വരുമ്പോൾ മാത്രമേ വിവരം അറിയൂ എന്ന് പറയുന്നതിൽ യാതൊരു അർത്ഥവുമില്ലെന്നും എം.എസ്.സി എന്ന വലിയ കമ്പനി വരുന്നതിനോട് തങ്ങൾക്ക് എതിർപ്പില്ലെങ്കിലും വിഴിഞ്ഞം ഏറ്റെടുക്കുന്നതിനോടാണ് എതിർപ്പെന്നും തോമസ് ഐസക് വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് തുറമുഖം അടക്കമുള്ള മൂന്ന് പ്രധാന വകുപ്പുകൾ മുഖ്യമന്ത്രിയുടെ കൈയിൽ വരുന്നത്. ഈ വകുപ്പുകൾ കയ്യിലുണ്ടായിട്ടും ബന്ധപ്പെട്ട മന്ത്രി കൂടിയായ മുഖ്യമന്ത്രി ഇതൊന്നും അറിഞ്ഞില്ല എന്ന് പറയുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒന്നുകിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇതിനെക്കുറിച്ച് ഹോംവർക്ക് ചെയ്തില്ല, അല്ലെങ്കിൽ അദാനിക്ക് വേണ്ടി കാര്യങ്ങൾ നല്ലവണ്ണം പഠിച്ചു എന്ന് വേണം കരുതാൻ. ഒന്നും അറിഞ്ഞില്ലെന്ന വാദം തള്ളിക്കളഞ്ഞ തോമസ് ഐസക്, സത്യപ്രതിജ്ഞയ്ക്ക് മുൻപ് എന്തിനാണ് ചാർട്ടേഡ് ഫ്ലൈറ്റിൽ പോയി മുഖ്യമന്ത്രി അദാനിയെ കണ്ടതെന്ന് ചോദ്യം ഉന്നയിക്കുകയും നിലവിലെ എല്ലാ നടപടികളും തുറമുഖ കരാറുകൾക്ക് വിരുദ്ധമാണെന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു.
.jpg)

