ചികിത്സാ പിഴവ് മൂലം കൈമുറിച്ചുമാറ്റേണ്ടി വന്ന വിനോദിനിക്ക് സര്‍ക്കാര്‍ ജോലി നല്‍കണം ; ബാലാവകാശ കമ്മീഷന്‍

vinodhini

ചീഫ് സെക്രട്ടറിക്ക് ബാലാവകാശ കമ്മീഷന്‍ ശുപാര്‍ശ നല്‍കി.

പല്ലശ്ശനയില്‍ ചികിത്സാ പിഴവ് മൂലം കൈമുറിച്ചുമാറ്റേണ്ടി വന്ന വിനോദിനിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന ഉത്തരവുമായി ബാലാവകാശ കമ്മീഷന്‍. കുട്ടിക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ സര്‍ക്കാര്‍ ജോലി നല്‍കണമെന്നാണ് ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. ചീഫ് സെക്രട്ടറിക്ക് ബാലാവകാശ കമ്മീഷന്‍ ശുപാര്‍ശ നല്‍കി.

വിനോദിനിയുടെ ചികിത്സാ ചെലവും വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്ന് നേരത്തെ ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. വിനോദിനിക്ക് 21 വയസ് ആകുന്നതുവരെ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. കൈ നഷ്ടപ്പെട്ടത് വിനോദിനിക്ക് ഭാവിയില്‍ ജോലി കിട്ടുന്നതിന് തടസമാകരുതെന്നും ഇക്കാര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 24 നാണ് പല്ലശ്ശന സ്വദേശിനിയായ വിനോദിനിയെന്ന ഒമ്പതുകാരിക്ക് വീണ് പരിക്കേറ്റത്. തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നായിരുന്നു കുടുംബത്തിന്റെ പരാതി. ജില്ലാ ആശുപത്രിയിലെത്തി കൈക്ക് പ്രാഥമിക ചികിത്സ നല്‍കി പ്ലാസ്റ്ററിട്ട് വീട്ടിലേക്ക് വിട്ടു.
പിന്നീട് കൈക്ക് അണുബാധയുണ്ടായി. തുടര്‍ന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയില്‍ അണുബാധയ്ക്ക് പരിഹാരമില്ലെന്നും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കൈ മുറിച്ചുമാറ്റണമെന്നും നിര്‍ദേശിച്ചു. തുടര്‍ന്ന് സെപ്റ്റംബര്‍ 30ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് വിനോദിനിയുടെ കൈ മുറിച്ചുമാറ്റുകയായിരുന്നു.

Tags