ഗ്യാനേഷ് കുമാറിനെതിരായ അഴിമതി പരാതിയിൽ വിജിലൻസ് അന്വേഷണം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

 Vigilance probe into corruption complaint against Gyanesh Kumar: Home Minister Ramesh Chennithala

തിരുവനന്തപുരം: കേരളത്തിൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരിക്കെ ഐ.എ.എസ് ഉദ്യോഗസ്ഥൻ ഗ്യാനേഷ് കുമാർ നടത്തിയ ചട്ടവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചും അഴിമതി ആരോപണങ്ങളെക്കുറിച്ചും വിജിലൻസ് അന്വേഷണം ആരംഭിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഇദ്ദേഹത്തിനെതിരെ 2-3 പരാതികൾ ആഭ്യന്തര വകുപ്പിന് ലഭിച്ചിട്ടുണ്ട്.

എം.സി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് മലേഷ്യൻ കമ്പനിയായ പതിബെല്ലും കേരള കമ്പനിയും ചേർന്നുള്ള കൺസോർഷ്യം കരാറെടുത്ത കാലഘട്ടത്തിലാണ് അഴിമതി നടന്നതെന്നാണ് സാജൻ എന്ന വ്യക്തി നൽകിയ പരാതിയിലുള്ളത്. പണി പൂർത്തിയാക്കിയിട്ടും ബില്ലുകൾ തടഞ്ഞുവെച്ചതിനെ തുടർന്ന് ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാത്ത സാഹചര്യത്തിലാണ് മലേഷ്യൻ കമ്പനിയുടെ പ്രോജക്ട് എഞ്ചിനീയറായ ലീ ആത്മഹത്യ ചെയ്തതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതിന് പ്രധാന കാരണക്കാരൻ ഗ്യാനേഷ് കുമാറാണെന്നാണ് ആരോപണം.

ലഭിച്ച പരാതി കൂടുതൽ അന്വേഷണങ്ങൾക്കായി വിജിലൻസിന് കൈമാറി. അഴിമതി നിരോധന നിയമപ്രകാരം അനിവാര്യമായ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രിയുമായി ആലോചിച്ച് അനുമതി നൽകിയതായി മന്ത്രി വ്യക്തമാക്കി. വിജിലൻസ് ഡയറക്ടർ അന്വേഷണം SU-1 വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. എസ്‌.പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഗ്യാനേഷ് കുമാറിനെതിരെ മലയിൻകീഴ് വേണുഗോപാൽ ഉൾപ്പെടെ നിരവധി പേർ മൊഴി നൽകാൻ മുന്നോട്ടുവന്നിട്ടുണ്ടെന്നും എല്ലാ ചട്ടലംഘനങ്ങളും സമഗ്രമായി അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Tags