വൈസ് ചാൻസലറും അധികാരികളും ചേർന്ന് രാഷ്ട്രീയ പകപോക്കൽ നയമാണ് നടപ്പാക്കുന്നത് ; കാലടി സർവകലാശാല വിദ്യാർത്ഥികളുടെ സമരത്തിന് പിന്തുണയുമായി വി. ശിവൻകുട്ടി
കാലടി സംസ്കൃത സർവകലാശാലയിൽ നാടകം കളിച്ചതിന്റെ പേരിൽ സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി വി. ശിവൻകുട്ടി രംഗത്ത്. വിദ്യാർത്ഥികൾക്കെതിരെ വൈസ് ചാൻസലറും അധികാരികളും ചേർന്ന് രാഷ്ട്രീയ പകപോക്കൽ നയമാണ് നടപ്പാക്കുന്നതെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ പരീക്ഷ എഴുതാനുള്ള അവകാശം തടയാൻ വി.സി. കോടതി കയറുന്ന അസാധാരണ സാഹചര്യമാണ് സർവകലാശാലയിൽ ഉണ്ടായതെന്നും എന്നാൽ ഹൈക്കോടതിയിൽ നിന്നും സസ്പെൻഷനെക്കുറിച്ച് ശക്തമായ ചോദ്യങ്ങളാണ് അധികാരികൾക്ക് നേരിടേണ്ടി വന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉന്നത വിദ്യാഭ്യാസ രംഗത്ത് സംഘപരിവാർ അജണ്ടകൾ നടപ്പാക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെയുള്ള ജനാധിപത്യപരമായ പോരാട്ടമാണ് ഈ വിദ്യാർത്ഥികൾ നടത്തുന്നതെന്ന് വി. ശിവൻകുട്ടി അഭിപ്രായപ്പെട്ടു. വി.സിക്ക് നേരെ ആക്രമണം നടന്നു എന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങളെല്ലാം ഇതിനോടകം തന്നെ പൊളിഞ്ഞു കഴിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ മതേതര മനസാക്ഷിയുടെ നിലനിൽപ്പിനായി ഈ വിദ്യാർത്ഥി സമരം വിജയിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം തന്റെ കുറിപ്പിലൂടെ ഓർമ്മിപ്പിച്ചു.
.jpg)

