കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷനിൽ വിധി ഡിസംബർ ഒന്നിന്; വാദം കേൾക്കൽ പൂർത്തിയായി

Kalady University

കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഹരജിയിലെ വാദം കേൾക്കൽ ഹൈകോടതിയിൽ പൂർത്തിയായി. വിധി പറയൽ ഡിസംബർ ഒന്നിലേക്ക് മാറ്റി.

വിദ്യാർഥികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള സർവകലാശാലയുടെ അധികാരത്തിലേക്ക് കടന്നു കയറുന്ന സിംഗിൾബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർവകലാശാലയും വൈസ് ചാൻസലറും നൽകിയ അപ്പീലിൽ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചാണ് വാദം കേട്ടത്.

ഇന്ന് വിദ്യാർഥികളുടെ വാദം കേൾക്കുകയാണുണ്ടായത്. അച്ചടക്കം ലംഘിച്ചാൽ നടപടിയെടുക്കാൻ സർവകലാശാലക്ക് അധികാരമുണ്ടെന്നും ഇതിന് തടസ്സമാകുന്ന ഉത്തരവാണ് സിംഗിൾബെഞ്ചിൽ നിന്നുണ്ടായതെന്നും ആയിരുന്നു കഴിഞ്ഞ ദിവസം സർവകലാശാലയുടെ വാദം.

നടപടിയിൽ പരാതിയുണ്ടെങ്കിൽ യു.ജി.സി, സർവകലാശാല ചട്ട പ്രകാരം രൂപവത്കരിച്ച പരാതി പരിഹാര സെല്ലിനെയും ഓംബുഡ്സ്മാനെയും സമീപിക്കുകയാണ് വേണ്ടത്. ഹൈകോടതിയെ നേരിട്ട് സമീപിക്കുന്നത് അപക്വ നടപടിയാണ്. ഈ സംവിധാനങ്ങൾ ഫലപ്രദമാവില്ലെന്ന സിംഗിൾ ജഡ്ജിയുടെ വിലയിരുത്തൽ ശരിയല്ലെന്നും സർവകലാശാല അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു.

സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ പലർക്കുമെതിരെ മുമ്പും അച്ചടക്ക, നിയമ ലംഘന ആരോപണങ്ങളും പൊലീസ് കേസും ഉണ്ടായിട്ടുണ്ട്. അന്വേഷണ സമിതി കുറ്റക്കാരെന്ന് കണ്ടിട്ടും മാപ്പുപറഞ്ഞാൽ തിരിച്ചെടുക്കാമെന്ന് പറഞ്ഞത് ശിക്ഷാ നടപടിയായല്ല, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ഉറപ്പാക്കാൻ വേണ്ടിയാണെന്ന വാദവും ഉന്നയിച്ചു.

Tags