'വാക്കാലുള്ള അപമാനം കുറ്റകരം'; ആശുപത്രി സംരക്ഷണ നിയമം ഓര്‍ഡിനന്‍സ് വിജ്ഞാപനം ഇറങ്ങി

ആശുപത്രി സംരക്ഷണ നിയമം ഓര്‍ഡിനന്‍സ് വിജ്ഞാപനം ഇറങ്ങി. ഗവര്‍ണ്ണര്‍ ഇന്നലെ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടിരുന്നു. വിജ്ഞാപനം അനുസരിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ വാക്കാലുള്ള അപമാനം കുറ്റകരമാണ്. ആരോഗ്യ പ്രവര്‍ത്തകരെ വാക്കാല്‍ അപമാനിക്കുന്നതും അവഹേളിക്കുന്നതും കുറ്റകരം. അപമാനിച്ചാല്‍ മൂന്ന് മാസം വരെ വെറും തടവോ പതിനായിരം രൂപ പിഴയോ ശിക്ഷ ലഭിക്കും.
നിലവിലുള്ള നിയമത്തില്‍ ആരോഗ്യ രക്ഷാ സേവന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന രജിസ്റ്റര്‍ ചെയ്ത (താല്‍ക്കാലിക രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള) മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍, രജിസ്റ്റര്‍ ചെയ്ത നേഴ്‌സുമാര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരാണ് ഉള്‍പ്പെട്ടിരുന്നത്.
പുതുക്കിയ ഓര്‍ഡിനന്‍സില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടും. ആരോഗ്യ രക്ഷാ സ്ഥാപനങ്ങളില്‍ നിയമിക്കപ്പെട്ടിട്ടുള്ളതും ജോലി ചെയ്തുവരുന്നതുമായ പാരാമെഡിക്കല്‍ ജീവനക്കാര്‍, സെക്യൂരിറ്റി ഗാര്‍ഡുകള്‍, മാനേജീരിയല്‍ സ്റ്റാഫുകള്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നിവരും കാലാകാലങ്ങളില്‍ സര്‍ക്കാര്‍ ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരും ഇതിന്റെ ഭാഗമാകും.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാസ് രോഗിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് ചേര്‍ന്ന ഉന്നതതല യോഗമാണ് ആക്ട് ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചത്.