വെഞ്ഞാറമൂട് കൂട്ടകൊലപാതകം ; 'കാലം പറഞ്ഞ കഥ'യുടെ റിലീസ് തടയണമെന്ന് അഫാൻറെ പിതാവ് നൽകിയ ഹരജി തള്ളി ഹൈകോടതി

Venjaramoodu mass murder case: High Court rejects Afan's father's plea to stop release of 'Kaalam Parang Katha'

 എറണാകുളം: വെഞ്ഞാറമൂട് കൊലപാതക കേസ് ആസ്പദമാക്കിയുള്ള 'കാലം പറഞ്ഞ കഥ' എന്ന സിനിമയുടെ റിലീസ് തടയണമെന്നാവശ്യപെട്ട് പ്രതി അഫാൻറെ പിതാവ് നൽകിയ ഹരജി ഹൈകോടതി തള്ളി. സിനിമ കേസിൻറെ വിചാരണയെ ബാധിക്കുമെന്ന് പറഞ്ഞായിരുന്നു ഹരജി. എന്നാൽ ഈ വാദം കോടതി തള്ളുകയായിരുന്നു.

സിനിമയെ ഒരു കലാരൂപമായി കണ്ടാൽ പോരെയെന്ന് കോടതി ചോദിച്ചു. സിനിമയുടെ റിലീസ് കേസിൻറെ വിചാരണയെ ബാധിക്കില്ല. കോടതി വിധികൾ വരുന്നത് കലാസൃഷ്ടികളെ അടിസ്ഥാനമാക്കിയല്ല, മറിച്ച് സാക്ഷിമൊഴികളും തെളിവുകളും അടിസ്ഥാനമാക്കിയാണെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസിൻറെ വിചാരണ ഇതുവരെ പൂർത്തിയായിട്ടില്ല. വിചാരണക്ക് മുമ്പ് സിനിമ പുറത്തിറങ്ങുന്നത് കേസിനെ ദോഷകരമായി ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നുമായിരുന്നു ഹരജിക്കാരൻറെ വാദം.

സിനിമയുടെ പേരിൽ തൻറെ കുടുംബത്തെ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി ആക്ഷേപിക്കുന്നുണ്ടെന്നും വിചാരണ കഴിയും വരെ റിലീസ് തടയണമെന്നും ഹരജിയിൽ പിതാവ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിനിമ ഈ സംഭവത്തെ ആസ്പദമാക്കി തന്നെയാണെന്നതിന് എന്ത് തെളിവാണുള്ളതെന്നും ഇതിൻറെ പേരിൽ റിലീസ് എങ്ങനെ തടയാനാകുമെന്നും കോടതി ചോദിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ഇടപെടാൻ മതിയായ കാരണങ്ങൾ ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ലഹരിക്കും ഓൺലൈൻ ചൂതാട്ടത്തിനുമെതിരായ സന്ദേശമാണ് സിനിമ നൽകുന്നതെന്നാണ് സെൻസർ ബോർഡ് വിശദീകരിച്ചത്. സിനിമ അപകീർത്തികരമാണെന്ന അഫാൻറെ പിതാവിൻറെ വാദം അടിസ്ഥാനരഹിതമാണെന്ന് വിലയിരുത്തിയാണ് കോടതി ഹരജി പൂർണമായി തള്ളിയത്.

പട്ടാപ്പകൽ ആറ് കൊലപാതകങ്ങൾ നടത്തുന്ന ഒരു യുവാവിൻറെ മാനസികാവസ്ഥയും അയാളെ അതിലേക്ക് നയിക്കുന്ന സാഹചര്യങ്ങളുമാണ് സിനിമയിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ സാങ്കേതിക കാരണങ്ങളാൽ സിനിമയുടെ റിലീസ് നേരത്തെ നിശ്ചയിച്ചിരുന്ന ഫെബ്രുവരി ആറിൽ നിന്ന് മാറ്റിയിരുന്നു. ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി വന്നതോടെ കാലം പറഞ്ഞ കഥ ഉടൻതന്നെ തിയറ്ററുകളിൽ എത്തുമെന്നാണ് പുറത്തുവരുന്ന വിവരം.

2025 ഫെബ്രുവരി 25നാണ് വെഞ്ഞാറമൂട് കൂട്ടകൊലപാതകം നടന്നത്. 23കാരനായ അഫാൻ തൻറെ കുടുംബാംഗങ്ങൾ ഉൾപ്പെടെ അഞ്ചു പേരെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന, പിതാവിൻറെ സഹോദരൻ ലത്തീഫ്, ലത്തീഫിൻറെ ഭാര്യ സാജിത, പിതാവിൻറെ മാതാവ് സൽമ ബീവി എന്നിവരെയാണ് അഫാൻ തലക്കടിച്ച് കൊലപ്പെടുത്തിയത്. 

  

Tags