വി ഡി സതീശനെയും, രമേശ് ചെന്നിത്തലയെയും കെ സി വേണുഗോപാലിനെയും പുകഴ്ത്തി വെള്ളാപ്പള്ളി

Vellappally praises VD Satheesan, Ramesh Chennithala and KC Venugopal

 ആലപ്പുഴ: വി ഡി സതീശനെയും രമേശ് ചെന്നിത്തലയെയും കെ സി വേണുഗോപാലിനെയും പുകഴ്ത്തി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വി ഡി സതീശന്‍ നല്ല പ്രകടനമായിരുന്നു  കാഴ്ച വെച്ചത്. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നവരില്‍ ഒരാളായ വി ഡി സതീശന് ലീഗിന്റെ ഒത്താശ ഉണ്ട്. കേരളത്തില്‍ സുനാമിയാണ് സംഭവിച്ചത്. അതില്‍ യുഡിഎഫിന് പ്രതീക്ഷിക്കാത്ത വിജയമാണ് ലഭിച്ചതെന്നും വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'കെ സി വേണുഗോപാല്‍ മിടുക്കനാണ്. കെ സി പ്രഗത്ഭന്‍ ആണ്. ഇന്ത്യയില്‍ അതികായനാണ്. ഇന്ത്യയില്‍ കോണ്‍ഗ്രസിനെ എങ്ങനെ നയിക്കണമെന്ന് തീരുമാനിക്കാന്‍ അധികാരമുള്ള ആളാണ് കെ സി. സോണിയാ ഗാന്ധിയും പ്രസിഡന്റും കഴിഞ്ഞാല്‍ കോണ്‍ഗ്രസില്‍ മൂന്നാമത്തെ സ്ഥാനത്താണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കോണ്‍ഗ്രസില്‍ വലിയ വിലയുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സ്വാധീനത്തില്‍ ഒരുപാട് എംഎല്‍എമാരെ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തര്‍ക്കം വന്നപ്പോള്‍ അദ്ദേഹം ഇടപെട്ടു. അങ്ങനെ ഒറ്റ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. നല്ല നേതൃഗുണം ഉണ്ട്. അദ്ദേഹത്തിന് അവിടെ ഇരുന്നാലും കേരളം ഭരിക്കാന്‍ സാധിക്കും. എന്നാല്‍ അദ്ദേഹം വരുമോ എന്ന് സംശയമാണ്. ഇത് കൊച്ചു കേരളം. ഇവിടെ കറുകപ്പുല്ല് മാത്രമേ തിന്നാനുള്ളൂ. ഇന്ത്യയില്‍ എത്രയോ കരിമ്പിന്‍ തോട്ടങ്ങളാണ് ഉള്ളത്. ആ കരിമ്പിന്‍ തോട്ടങ്ങളെല്ലാം തിന്നാന്‍ ഉള്ളപ്പോള്‍ ഈ കറുകപ്പുല്ല് തിന്നാനായിട്ടുണ്ട് ഇവിടെ വരുമെന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹത്തിന്റെ കഴിവിനെ കുറച്ചു കാണുകയല്ല. എംഎല്‍എമാരില്‍ മഹാഭൂരിപക്ഷവും എംപിമാരില്‍ മഹാഭൂരിപക്ഷവും വേണുഗോപാലിന്റെ കൂടെയാണ്. തെരഞ്ഞെടുപ്പ് വിജയത്തിന്റെ ശില്‍പ്പി കെ സിയാണ്. കാരണം ഫണ്ടിങ്, പണം വലിയൊരു ഘടകമാണ്. ഫണ്ട് കൊടുത്ത് കോണ്‍ഗ്രസുകാരെ ജയിപ്പിക്കുന്നതില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ആളാണ്.'- വെള്ളാപ്പള്ളി പറഞ്ഞു.

Tags