സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ ദൗത്യത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് വെള്ളാപ്പള്ളി നടേശൻ

Vellappally Natesan appeals against disqualification from SNDP General Secretary post

 സംസ്ഥാനത്ത് ലഹരിമാഫിയക്കെതിരെ സർക്കാർ നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ദൗത്യത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് വെള്ളാപ്പള്ളി നടേശൻ രംഗത്ത്. കേരള സമൂഹത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യവും നന്മയുമാണ് ഈ ദൗത്യമെന്ന് എസ്എൻഡിപി യോഗത്തിന്റെ മുഖപത്രമായ ‘യോഗനാദ’ത്തിന്റെ എഡിറ്റോറിയലിൽ അദ്ദേഹം കുറിച്ചു. 

ലഹരി വിരുദ്ധ നീക്കത്തിന് ശക്തമായ നടപടിയെടുത്ത സർക്കാരിനെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും അഭിനന്ദിച്ച വെള്ളാപ്പള്ളി, എന്നാൽ ഈ നടപടി വെറുമൊരു ‘പുത്തനച്ചി പുരപ്പുറം തൂക്കുന്നത് പോലെ’ താൽക്കാലികമാകരുതെന്നും കൃത്യമായ തുടർച്ച വേണമെന്നും ഓർമ്മിപ്പിച്ചു. വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് സാമ്പത്തിക ലാഭം കൊയ്യുന്ന ലഹരി മാഫിയക്ക് പിന്നിൽ അന്താരാഷ്ട്ര ബന്ധങ്ങളുള്ള വലിയ സംഘങ്ങളുണ്ടെന്നും, ഇതിന് അധോലോകവും വർഗ്ഗീയ ശക്തികളും പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

പണ്ട് കഠിനാധ്വാനികളായ ജനങ്ങൾ വസിച്ചിരുന്ന പഞ്ചാബ് ലഹരിയുടെ തലസ്ഥാനമായി മാറിയ ചരിത്രം ചൂണ്ടിക്കാണിച്ച വെള്ളാപ്പള്ളി, കേരളവും ആ ഒരു അവസ്ഥയിലേക്ക് പോകുകയാണോ എന്ന ആശങ്കയും പങ്കുവെച്ചു. ലഹരി എന്ന അതീവ ഗുരുതരമായ ഭീഷണിക്കെതിരെ രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് സമൂഹം ഒന്നാകെ അണിനിരക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഹ്വാനം. സർക്കാർ നല്ലത് ചെയ്താൽ നല്ലതെന്ന് പറയാനും തെറ്റുകൾ ചൂണ്ടിക്കാണിക്കാനും ജനങ്ങൾ തയ്യാറാകണമെന്നും, എസ്എൻഡിപി യോഗം പ്രവർത്തകർ സജീവമായി ഈ ലഹരിവിരുദ്ധ ദൗത്യത്തിനൊപ്പം പങ്കാളികളാകണമെന്നും വെള്ളാപ്പള്ളി നടേശൻ എഡിറ്റോറിയലിലൂടെ വ്യക്തമാക്കി.

Tags