മന്ത്രിയുടെ വാഹനത്തിന് നേരെയുള്ള ആക്രമണം; സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് അറുതിവരുത്തണമെന്ന് കെ. സുധാകരൻ എം.പി
കണ്ണൂർ: കണ്ണൂർ ജില്ലയിൽ കായിക-യുവജനകാര്യ മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ സിപിഎം–ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി കെ. സുധാകരൻ എം.പി. വാർത്താ കുറിപ്പിൽപറഞ്ഞു. ജനപ്രതിനിധിയും മന്ത്രിയുമായ ഒരാളുടെ വാഹനത്തിന് നേരെ സംഘടിതമായി ആക്രമണം നടത്തുന്നത് ജനാധിപത്യ പ്രതിഷേധമല്ല; രാഷ്ട്രീയ എതിരാളികളെ അക്രമത്തിലൂടെ നേരിടാനുള്ള സിപിഎമ്മിന്റെ ധാർഷ്ട്യമാണ് വ്യക്തമാക്കുന്നത്.
മന്ത്രിയുടെ വാഹനത്തിന് നേരെയുള്ള ആക്രമണവും കൂത്തുപറമ്പിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസായ ഇന്ദിരാഭവന് നേരെ നടത്തിയ അക്രമവും അതീവ ഗൗരവമുള്ളതാണ്. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് കണ്ണൂരിലെ ജനങ്ങൾ ശക്തമായ മറുപടി നൽകും.ജനാധിപത്യ രാഷ്ട്രീയത്തിൽ ആശയപരമായി കോൺഗ്രസിനെ നേരിടാൻ കഴിയാത്തതിന്റെ നിരാശയിലാണ് സിപിഎം അക്രമത്തിന്റെ വഴി സ്വീകരിക്കുന്നത്. കോൺഗ്രസ് പ്രവർത്തകരെയും പാർട്ടി ഓഫീസുകളെയും ആക്രമിച്ച് കണ്ണൂരിലെ കോൺഗ്രസിന്റെ രാഷ്ട്രീയ മുന്നേറ്റം തടയാമെന്ന് സിപിഎം കരുതുന്നുണ്ടെങ്കിൽ അത് വലിയ തെറ്റിദ്ധാരണയാണ്.
അക്രമികളെ അഴിച്ചുവിട്ട് കോൺഗ്രസിനെ ഭയപ്പെടുത്താമെന്ന് സിപിഎം കരുതേണ്ട. കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകർ അക്രമത്തിന് മുന്നിൽ മുട്ടുമടക്കുന്നവരല്ല. അക്രമത്തിന് അക്രമംകൊണ്ട് മറുപടി നൽകുന്ന രാഷ്ട്രീയമല്ല കോൺഗ്രസിന്റേത്. എന്നാൽ പ്രവർത്തകരെയും ഓഫീസുകളെയും ലക്ഷ്യമിട്ടുള്ള ഓരോ അക്രമത്തിനുമെതിരെ ജനാധിപത്യപരമായും നിയമപരമായും ശക്തമായ പോരാട്ടം കോൺഗ്രസ് തുടരും.
മന്ത്രിയുടെ വാഹനത്തിന് നേരെ നടന്ന ആക്രമണത്തിലും കൂത്തുപറമ്പിലെ ഇന്ദിരാഭവന് നേരെയുണ്ടായ ആക്രമണത്തിലും ഉൾപ്പെട്ട മുഴുവൻ പ്രതികളെയും ഉടൻ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണം. പോലീസ് രാഷ്ട്രീയ സമ്മർദങ്ങൾക്ക് വഴങ്ങാതെ ശക്തമായ നടപടി സ്വീകരിക്കണം. അക്രമികൾക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്ന സാഹചര്യം ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്തം സിപിഎം നേതൃത്വം ഏറ്റെടുക്കേണ്ടിവരും.
കണ്ണൂരിൽ അക്രമത്തിലൂടെ രാഷ്ട്രീയ ആധിപത്യം സ്ഥാപിച്ചിരുന്ന കാലം കഴിഞ്ഞു. കോൺഗ്രസിന്റെ ഓഫീസുകൾ തകർത്തും പ്രവർത്തകരെ ഭീഷണിപ്പെടുത്തിയും കോൺഗ്രസിന്റെ ശബ്ദം ഇല്ലാതാക്കാമെന്ന് ആരും കരുതേണ്ട. ജനങ്ങൾക്കിടയിൽ കൂടുതൽ ശക്തമായി പ്രവർത്തിച്ചും ജനാധിപത്യത്തിന്റെ ശക്തിയിലും നിയമത്തിന്റെ വഴിയിലും സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തെ കോൺഗ്രസ് നേരിടുമെന്നും കെ. സുധാകരൻ എം.പി. വ്യക്തമാക്കി.
.jpg)

