‘വീണ ജോർജിനെ ആക്രമിച്ചില്ല’; ആരോപണം ‘അഭിനയം’ മാത്രം – വി.ഡി. സതീശൻ
കണ്ണൂർ: മന്ത്രി വീണ ജോർജിനെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചെന്ന ആരോപണം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ . വീണ ജോർജ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവെച്ച് ആക്രമിക്കപ്പെട്ടുവെന്നത് വെറും 'അഭിനയം' മാത്രമാണെന്ന് വി.ഡി. സതീശൻ വിമർശിച്ചു.
മന്ത്രിയുടെ സമീപത്തുപോലും കെ.എസ്.യു പ്രവർത്തകർ എത്തിയിട്ടില്ലെന്നും റെയിൽവേ പോലീസ് നടത്തിയ അന്വേഷണത്തിൽ അക്രമം നടന്നതിന് യാതൊരു തെളിവുമില്ലെന്ന് വ്യക്തമായിട്ടുണ്ടെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു. മന്ത്രിയുടെ കൈയ്യിലുണ്ടെന്ന് പറയുന്ന പരിക്ക് രണ്ട് ദിവസം മുമ്പുള്ള വിവിധ പരിപാടികളുടെ ചിത്രങ്ങളിലും കാണാമെന്നും സതീശൻ ചൂണ്ടിക്കാട്ടി. സംഭവത്തിന് ദൃക്സാക്ഷിയല്ലാത്ത സ്പീക്കർ ഇത്തരമൊരു ഗൂഢാലോചനയിൽ പങ്കാളിയാകാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
tRootC1469263">മന്ത്രിയുടെ കഴുത്തും കൈയും കെ.എസ്.യു പ്രവർത്തകർ പിടിച്ചുതിരിച്ചു എന്ന പച്ചക്കള്ളം പ്രചരിപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പാർട്ടി പ്രവർത്തകരെ അക്രമത്തിന് പ്രകോപിപ്പിക്കുകയാണെന്ന് സതീശൻ പറഞ്ഞു. ഇതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കരിങ്കൊടി കാണിച്ച പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് റിമാൻഡ് ചെയ്തത് തെറ്റായ നടപടിയാണെന്നും സർക്കാരിനെതിരായ ജനവികാരം വഴിതിരിച്ചുവിടാനാണ് ഇത്തരം ശ്രമങ്ങൾ നടക്കുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.
ആരോഗ്യമേഖലയിലെ തകർച്ചയും സർക്കാരിനെതിരായ ജനവികാരവും മറച്ചുവെക്കാനാണ് ഇത്തരമൊരു നാടകം ആസൂത്രണംചെയ്തതെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ പറഞ്ഞു. പ്ലാറ്റ്‌ഫോമിലൂടെ സാധാരണ രീതിയിൽ നടന്നുപോയ മന്ത്രി പിന്നീട് ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിക്കപ്പെട്ടതും ഗൗരവകരമായ പരിക്കുകളില്ലെന്ന മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നതും ഈ നാടകത്തിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കയ്യിലുണ്ടായിരുന്ന കരിങ്കൊടിയുടെ ഒരു നൂലിഴ പോലും മന്ത്രിയുടെ ദേഹത്ത് തട്ടിയിട്ടില്ലെന്നും കരിങ്കൊടി മാരകായുധമാണോ എന്ന് പോലീസ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎം നേതാക്കളുടെ പ്രസ്താവനകളിൽ വലിയ വൈരുദ്ധ്യങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
.jpg)


