കണ്ണൂരിലെ കരിങ്കൊടി പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലും ; മന്ത്രി വീണ ജോർജിന്റെ മൊഴി പുറത്ത്

Incident of attack on Minister Veena George at Kannur railway station; RPF says no CCTV footage of assault received

 കണ്ണൂർ: കരിങ്കൊടി പ്രതിഷേധത്തിനിടെ വധശ്രമത്തിന് ശ്രമിച്ചെന്ന കേസിൽ ആരോഗ്യമന്ത്രി വീണ ജോർജിന്റെ മൊഴി പുറത്ത്. കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലുമെന്നാണ് വീണാ ജോർജിന്റെ മൊഴി. ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേൽപ്പിച്ചെന്നായിരുന്നു ഗൺമാന്റെ പരാതി. കഴിഞ്ഞ ദിവസമാണ് മന്ത്രി വിശദമായ മൊഴി നൽകിയത്. ഈ മൊഴിയിലാണ് പരാതിയിൽ നിന്നും വിരുദ്ധമായ കാര്യങ്ങളുള്ളത്.

കേസിൽ പൊലീസ് എടുത്ത എഫ്ഐആറിന് വിരുദ്ധമായായിരുന്നു പൊലീസുകാരും മൊഴി നൽകിയത്. കെഎസ്യു പ്രവർത്തകരുടെ കയ്യിൽ ആയുധമുണ്ടായിരുന്നില്ല എന്നാണ് പൊലീസ് ഉദ്യോഗസ്ഥരും മൊഴി നൽകിയത്. ഗ്രേഡ് എസ്ഐ പ്രകാശ്, എസ്ഐ അനുരൂപ്, സിപിഒ അഖിൽ എന്നിവരാണ് കെഎസ്യു പ്രവർത്തകരുടെ കൈവശം ആയുധങ്ങളുണ്ടായിരുന്നില്ല എന്ന് മൊഴി നൽകിയത്.

ഫെബ്രുവരി 25നായിരുന്നു വീണാ ജോർജ്ജിനെതിരെ കെഎസ്യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. കണ്ണൂർ റെയിൽവെ സ്റ്റേഷനിൽവെച്ചായിരുന്നു സംഭവം. പ്രതിഷേധത്തിനിടെ കൈയ്ക്കും കഴുത്തിനും പരിക്കേറ്റിരുന്നു. പിന്നാലെ മന്ത്രിയെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിൽ കോൺഗ്രസ് നേതാക്കൾ വ്യാപക വിമർശനവുമായി രംഗത്തെത്തിയിരുന്നു. മന്ത്രിക്ക് പറ്റിക്കേറ്റിട്ടില്ല എന്നും അഭിനയമാണ് എന്നുമായിരുന്നു കോൺഗ്രസ് നേതാക്കളുടെ ആരോപണം. എന്നാൽ മന്ത്രിയെ അപായപ്പെടുത്താനുള്ള കരുതിക്കൂട്ടിയുള്ള നീക്കമെന്നാണ് സിപിഐഎം നേതാക്കൾ പ്രതികരിച്ചത്. മാരക ആയുധവുമായി ആക്രമിച്ചെന്നാണ് എഫ്‌ഐആർ.

കേസിൽ കെഎസ്യു ജില്ലാ പ്രസിഡന്റ് അതുൽ എംസി, അക്ഷയ് മാട്ടൂൽ, ബിതുൽ ബാലൻ, മുബാസ് സി അച്ച്, അഹമ്മദ് യാസീൻ എന്നിവർ അറസ്റ്റിലായിരുന്നു. നിലവിൽ കെഎസ്‌യു പ്രവർത്തകർ ജാമ്യത്തിലാണ്. കേസിൽ നിർണായക തെളിവുകൾ കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കെഎസ്യു പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചത്.

Tags