വേടന്റെ പാട്ട് പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തരുത്; വിസിക്ക് പരാതി നല്‍കി ബിജെപി അനുകൂല സിന്‍ഡിക്കേറ്റ് അംഗം

vedan
vedan

വേടന്‍ ലഹരിവസ്തുക്കളും, പുലിപ്പല്ലും കൈവശം വെച്ചതിന് അറസ്റ്റിലായ വ്യക്തിയാണെന്ന് കത്തില്‍ സൂചിപ്പിക്കുന്നു.

ഹിരണ്‍ ദാസ് മുരളിയെന്ന റാപ്പര്‍ വേടന്റെ പാട്ട് പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി അനുകൂല സിന്‍ഡിക്കേറ്റ് അംഗം. കാലിക്കറ്റ് സര്‍വ്വകലാശാലാ ബിജെപി അനുകൂല സിന്‍ഡിക്കേറ്റ് അംഗം എ കെ അനുരാജാണ് വൈസ് ചാന്‍സലര്‍ പി രവീന്ദ്രന് കത്ത് നല്‍കിയത്. വേടന്‍ ലഹരിവസ്തുക്കളും, പുലിപ്പല്ലും കൈവശം വെച്ചതിന് അറസ്റ്റിലായ വ്യക്തിയാണെന്ന് കത്തില്‍ സൂചിപ്പിക്കുന്നു.

tRootC1469263">

വേടന്റെ പല വീഡിയോകളും മദ്യം നിറച്ച ഗ്ലാസുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെട്ടതാണ്. വേടന്റെ രചന പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത്, ഇയാള്‍ ജീവിതത്തില്‍ പിന്‍തുടരുന്ന അനുകരണീയമല്ലാത്ത വഴികള്‍ പകര്‍ത്താന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുമെന്നും അനുരാജിന്റെ പരാതിയില്‍ പറയുന്നു.


'കലയിലും പഠനത്തിലുമൊക്കെ മഹത്തായ പാത സൃഷ്ടിച്ചിട്ടുള്ള ഭാരതീയസംസ്‌കാരത്തെ അറിഞ്ഞോ അറിയാതെയോ വെല്ലുവിളിക്കുന്ന ശൈലി ഹിരണ്‍ദാസിന്റെ പാട്ടുകളിലും നിലപാടുകളിലും പ്രകടമാണ് എന്നതും അപകടകരമായ സാഹചര്യമാണ്. എന്നിരിക്കെ, ഇയാളുടെ രചന പഠിപ്പിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല തയ്യാറാകുന്നത് തെറ്റായ സന്ദേശം സമൂഹത്തിനു പകരുമെന്നുറപ്പാണ്. അത്യന്തം ഖേദകരമായ തീരുമാനം പിന്‍വലിക്കണമെന്നും ഇയാളുടെ രചനകള്‍ക്കു പകരം മറ്റേതെങ്കിലും എഴുത്തുകാരുടെയോ സംഗീതജ്ഞരുടെയോ കാമ്പുറ്റ രചനകള്‍ പാഠഭാഗമാക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു', പരാതിയില്‍ പറയുന്നു.

കാലിക്കറ്റ് സര്‍വകലാശാലയിലെ ബി എ മലയാളം നാലാം സെമസ്റ്ററിലാണ് വേടന്റെ 'ഭൂമി ഞാന്‍ വാഴുന്നിടം' എന്ന റാപ്പ് ഗാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൈക്കിള്‍ ജാക്‌സന്റെ 'ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്' എന്ന പാട്ടും വേടന്റെ പാട്ടും തമ്മിലുള്ള താരതമ്യ പഠനമാണ് ഈ പാഠത്തിലുള്ളത്. അമേരിക്കന്‍ റാപ്പ് സംഗീതവും മലയാള റാപ്പ് സംഗീതവും തമ്മിലുള്ള താരതമ്യമാണ് പാഠത്തിന്റെ അടിസ്ഥാന ലക്ഷ്യം.

Tags