ഇന്ത്യയെന്ന വികാരം മനസ്സിൽ സൂക്ഷിച്ചു പുതുയുഗ കേരളത്തിനായി മുന്നേറാം:മുഖ്യമന്ത്രി വി ഡി സതീശൻ
ഇന്ത്യയെന്ന വികാരം കെടാവിളക്കായി മനസ്സിൽ സൂക്ഷിച്ച് പുതുയുഗ കേരളത്തിനായി ഒറ്റക്കെട്ടായി മുന്നേറാമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പുതുയുഗ കേരളം എന്നത് വെറും വാക്കല്ല, അത് യാഥാർഥ്യമാക്കാനുള്ള ആശയമാണ്. കരുണയും സേവനതത്പരതയും സഹിഷ്ണുതയും നിറഞ്ഞ കേരളമാണ് ഉയർന്നുവരേണ്ടത്. വികസനോന്മുഖമായ പ്രവർത്തനങ്ങൾക്കൊപ്പം ഭരണഘടനാ മൂല്യങ്ങളും മതനിരപേക്ഷതയും ഉയർത്തിപ്പിടിച്ച് പുതുതലമുറയെയും മുതിർന്ന പൗരന്മാരെയും ചേർത്തുപിടിച്ചുള്ള മുന്നേറ്റമാണ് ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. എൺപതാം സ്വാതന്ത്ര്യദിനാഘോഷപരിപാടികളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മുഖ്യമന്ത്രി.
ആധുനികവും സുരക്ഷിതവും സമൃദ്ധിയും സന്തോഷവുമുള്ള, പുത്തൻ ആശയങ്ങൾക്ക് പ്രാധാന്യം നൽകുന്ന കേരളം ഇന്ത്യക്ക് വഴികാട്ടിയാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യ മൂല്യങ്ങൾ, ഭരണഘടനാ തത്വങ്ങൾ, തുല്യത, നീതി, പ്രകൃതിക്ക് ഇണങ്ങുന്ന വികസനം, കാലാവസ്ഥാ മാറ്റത്തെ നേരിടാനുള്ള നടപടികൾ എന്നിവയാണ് കാലം ആവശ്യപ്പെടുന്നത്. മതേതരത്വവും ജനാധിപത്യ ബോധവും തുല്യതയുമാണ് നമ്മുടെ കരുത്തും ഊർജ്ജവും. ജാതി, മതം, ലിംഗവിവേചനം, രാഷ്ട്രീയ അന്ധത, വിദ്വേഷം എന്നിവ കൈവെടിഞ്ഞ് എല്ലാവരും തോളോട് തോൾ ചേർന്ന് മുന്നേറണം.
പട്ടിണി, രോഗം, തൊഴിലില്ലായ്മ എന്നിവ രാജ്യത്തെയും കേരളത്തെയും ഇപ്പോഴും പിന്നോട്ടടിക്കുന്ന പ്രധാന പ്രശ്നങ്ങളാണ്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ, മുതിർന്ന പൗരന്മാർ, ന്യൂനപക്ഷങ്ങൾ, ട്രാൻസ്ജെൻഡർ വിഭാഗങ്ങൾ തുടങ്ങി പ്രത്യേക പരിഗണന ആവശ്യമുള്ളവർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണം. സ്ത്രീകളും കുട്ടികളും യുവാക്കളും കർഷകരും തൊഴിലാളികളും തീരദേശ ജനതയും നേരിടുന്ന വെല്ലുവിളികളും പരിഹരിക്കേണ്ടതുണ്ട്.
സാമ്പത്തിക വളർച്ചയും വികസനവും തൊഴിലവസരങ്ങളുടെ സൃഷ്ടിയും അനിവാര്യമാണ്. കൃഷി ഉൾപ്പെടെയുള്ള അടിസ്ഥാന മേഖലകൾക്ക് വികസനവും സംരക്ഷണവും ഉറപ്പാക്കണം. കാലാവസ്ഥാ മാറ്റമെന്ന വലിയ പ്രതിസന്ധിയെയും നേരിടണം. വികസനത്തിന്റെ നേട്ടങ്ങൾ എല്ലാവരിലേക്കും എത്തണം. സർവതലസ്പർശിയായ വികസനവും സമ്പത്തിന്റെ നീതിപൂർവമായ വിതരണവുമാണ് സോഷ്യലിസ്റ്റ് ജനാധിപത്യത്തിന്റെ അടിസ്ഥാന സ്വഭാവം.
മുതിർന്ന പൗരന്മാരുടെയും പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗങ്ങളുടെയും ക്ഷേമത്തിന് മുൻഗണന നൽകുന്നതിനൊപ്പം യുവതലമുറയ്ക്ക് പഠിക്കാനും തൊഴിലെടുക്കാനും സ്വന്തം കാലിൽ അഭിമാനത്തോടെ നിൽക്കാനും അവസരമൊരുക്കണം. ലഹരി എന്ന മഹാവിപത്തിനെ പടിയിറക്കുകയും നാട്ടിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കുകയും വേണം. പൊതുവിദ്യാഭ്യാസവും പൊതുജനാരോഗ്യവും സർക്കാരിന്റെ മുൻഗണനകളിൽ തുടരും.
ഭരണഘടന ഉറപ്പുനൽകുന്ന മതേതരത്വം, തുല്യത, അഭിപ്രായ സ്വാതന്ത്ര്യം, പ്രവർത്തന സ്വാതന്ത്ര്യം, ന്യൂനപക്ഷങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കുമുള്ള പ്രത്യേക പരിഗണന തുടങ്ങിയ മൂല്യങ്ങൾ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭരണഘടനാ തത്വങ്ങൾക്കും വേണ്ടി വിട്ടുവീഴ്ചയില്ലാതെ അണിനിരക്കണം. എതിർപ്പും ചോദ്യം ചെയ്യലും തുറന്ന സംഭാഷണവും തിരുത്തലും ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നു. വ്യത്യസ്തതകളെ ഭയക്കുന്ന സമൂഹത്തിന് പകരം തുറന്ന മനസ്സും സഹിഷ്ണുതയും സംവാദവും നവീകരണവും ഉയർത്തിപ്പിടിക്കുന്ന കരുത്തുറ്റ ജനാധിപത്യമാണ് വേണ്ടത്.
നമ്മുടെ യുവതയാണ് രാജ്യത്തിന്റെ യഥാർത്ഥ സമ്പത്ത്. യുവാക്കൾ ഉയർത്തുന്ന പ്രശ്നങ്ങളെ അവഗണിക്കരുത്. രാജ്യത്തെ കാണുകയും മനസ്സിലാക്കുകയും ചെയ്യുന്ന യുവതയ്ക്ക് തിരുത്തൽ ശക്തിയാകാനും രാജ്യത്തെ നയിക്കാനും ഉളള കരുത്തുണ്ട്.
പ്രളയവും ദുരന്തങ്ങളും നേരിടാൻ ശാസ്ത്രീയമായ സംവിധാനമാണ് സർക്കാർ ആവിഷ്‌കരിക്കുന്നത്. ദുരന്തങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ സർക്കാർ ചേർത്തുപിടിക്കും. എപ്പോഴത്തെയും പോലെ ഒറ്റക്കെട്ടായി ഏത് പ്രതിസന്ധിയെയും അതിജീവിക്കാൻ കേരളത്തിന് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
.jpg)

