വി.ഡി. സതീശൻ സർക്കാരിന്റെ രണ്ടാം മന്ത്രിസഭാ യോഗം ഇന്ന്
തിരുവനന്തപുരം : വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേറ്റ് മൂന്ന് ദിവസമായിട്ടും മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നീളുന്നു. ഫിഷറീസ് വകുപ്പിനെച്ചൊല്ലിയുള്ള തർക്കമാണ് നിലവിൽ പ്രധാന പ്രതിസന്ധി. ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് നൽകുന്നതിനെ ലത്തീൻ സഭ ശക്തമായി എതിർക്കുമ്പോൾ, ഫിഷറീസ് ലഭിക്കാതെ ഉന്നതവിദ്യാഭ്യാസ വകുപ്പ് വിട്ടുനൽകില്ലെന്ന നിലപാടിലാണ് ലീഗ്. സഭയുടെ സമ്മർദ്ദങ്ങൾക്ക് ഇത്രത്തോളം വഴങ്ങണോ എന്ന ചോദ്യം കോൺഗ്രസിനുള്ളിൽ തന്നെ ഉയരുന്നുണ്ട്. ഇതിനിടെ, കെ. മുരളീധരനായി നിശ്ചയിച്ചിരുന്ന ദേവസ്വം വകുപ്പ് എ.പി. അനിൽകുമാറിന് നൽകിയേക്കുമെന്നും മുരളീധരന് ആരോഗ്യത്തിന് പുറമെ സ്പോർട്സ് വകുപ്പ് കൂടി നൽകുമെന്നും സൂചനകളുണ്ട്. അതേസമയം ടി. സിദ്ദിഖ്, എം. ലിജു, റോജി എം. ജോൺ, ഒ.ജെ. ജനീഷ് എന്നിവരുടെ വകുപ്പുകളിൽ നേരിയ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.
വകുപ്പ് വിഭജനത്തിലെ ഈ അനിശ്ചിതത്വങ്ങൾക്കിടയിലാണ് ഇന്ന് രാവിലെ 9 മണിക്ക് വി.ഡി.എസ് സർക്കാരിന്റെ രണ്ടാമത്തെ മന്ത്രിസഭാ യോഗം ചേരുന്നത്. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾ, കെ-റെയിൽ വിജ്ഞാപനം റദ്ദാക്കൽ, ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് പരിശോധന എന്നിവയാണ് ഇന്നത്തെ യോഗത്തിന്റെ പ്രധാന അജണ്ടകൾ. വകുപ്പ് തർക്കങ്ങളിൽ ഇന്ന് തീരുമാനമായാൽ മുഖ്യമന്ത്രി പട്ടികയുമായി ഗവർണറെ കണ്ടേക്കും. കൂടാതെ, പ്രൊടേം സ്പീക്കറായി ജി. സുധാകരന്റെ സത്യപ്രതിജ്ഞയും ഇന്ന് രാവിലെ നടക്കും. പുതിയ എം.എൽ.എമാരുടെ സത്യപ്രതിജ്ഞ നാളെ നിയമസഭയിൽ നടക്കാനിരിക്കെയാണ് രാഷ്ട്രീയ വൃത്തങ്ങളിൽ വകുപ്പ് വിഭജന ചർച്ചകൾ ചൂടുപിടിക്കുന്നത്.
.jpg)

