വി ഡി സതീശന്റെ മുഖ്യമന്ത്രിപദം തന്റെ സ്വപ്നസാക്ഷാത്കാരം ആയിരുന്നു, സത്യപ്രതിജ്ഞയ്ക്കെത്തിയപ്പോൾ കണ്ണുകടി ഉണ്ടായ ചില കുലംകുത്തികൾ ഓരിയിട്ടു ; കൂക്കിവിളിയിൽ പ്രതികരണവുമായി റിനി ആൻ ജോർജ്
കൂവിയവർ കോൺഗ്രസുകാരാണെന്ന് കരുതുന്നില്ല. കോൺഗ്രസുകാർ തന്നോട് സ്‌നേഹവായ്‌പ്പോടെയാണ് പെരുമാറിയിട്ടുള്ളതെന്നും റിനി ഫേസ്ബുക്കിൽ കുറിച്ചു.
കൊച്ചി: സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയ തന്നെ കൂവിയവർക്കെതിരെ യുവനടി റിനി ആൻ ജോർജ്. കണ്ണുകടി ഉണ്ടായ കുലംകുത്തികൾ ഓരിയിട്ടുവെന്ന് റിനി ഫേസ്ബുക്കിൽ കുറിച്ചു. അതിനെ അർഹിക്കുന്ന അവജ്ഞയോടെ അപ്പോൾ തന്നെ അവഗണിച്ചെന്നും റിനി കൂട്ടിച്ചേർത്തു. വി ഡി സതീശന്റെ മുഖ്യമന്ത്രിപദം തന്റെ സ്വപ്നസാക്ഷാത്കാരം ആയിരുന്നു. അത് നേരിട്ട് കാണാനുള്ള ഭാഗ്യം തനിക്ക് ഉണ്ടായി. കൂവിയവർ കോൺഗ്രസുകാരാണെന്ന് കരുതുന്നില്ല. കോൺഗ്രസുകാർ തന്നോട് സ്‌നേഹവായ്‌പ്പോടെയാണ് പെരുമാറിയിട്ടുള്ളതെന്നും റിനി ഫേസ്ബുക്കിൽ കുറിച്ചു.
റിനിയുടെ ഫേസ്ബുക്ക് കുറിപ്പ്
മെയ് 18 2026
എന്റെ ജീവിതത്തിലെ മനോഹരമായ ഒരു സുദിനം.. ഞാൻ MLA എന്ന് സ്നേഹപൂർവ്വം വിളിച്ചിരുന്ന വ്യക്തി കേരളത്തിന്റെ CM ആയ ദിവസം. എന്റെ സ്വപ്ന സാക്ഷാത്കാരം കൂടി ആയിരുന്നു അദ്ദേഹത്തിന്റെ മുഖ്യമന്ത്രി പദം. വേദിയിൽ നിന്ന് തന്നെ ആ ചരിത്ര മുഹൂർത്തം കണ്ണ് കുളിർക്കെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി.. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു നിമിഷം. ഒരുപാട് ദേശിയ നേതാക്കളെ അടുത്ത് കാണാനും സംസാരിക്കാനുമുള്ള അവസരം ലഭിച്ചു. ഇതെല്ലാം കണ്ടു കണ്ണുകടി ഉണ്ടായ ചില കുലംകുത്തികൾ ഓരിയിട്ടു... അതിനെ ഞാൻ അർഹിക്കുന്ന അവജ്ഞയോടെ അപ്പോൾ തന്നെ അവഗണിക്കുകയും ചെയ്തു. അവർ കോൺഗ്രെസ്സുക്കാർ ആണെന്ന് ഞാൻ കരുതുന്നില്ല കാരണം കോൺഗ്രെസ്സ്ക്കാർ അത്രയും സ്നേഹവായ്‌പോടെയാണ് എന്നോട് പെരുമാറിയത്. സത്യപ്രതിജ്ഞക്ക് വന്ന എന്നെ കോൺഗ്രെസ്സുക്കാർ ആട്ടി ഓടിച്ചു എന്ന് പറയുന്നവർക്കായി ചടങ്ങിൽ സന്നിഹിതൻ ആയിരുന്ന തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡിക്ക് ഒപ്പമുള്ള എന്റെ ചിത്രം പങ്കു വെക്കുന്നു...
വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്കെത്തിയപ്പോഴാണ് റിനി ആൻ ജോർജിനെ കൂകിവിളിച്ചത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെത്തിയ നടിക്കുനേരെ സ്ത്രീകൾ ഉൾപ്പെടെ കൂകിവിളിക്കുകയായിരുന്നു.
ഒരു യുവ നേതാവിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്നുള്ള റിനിയുടെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതികളുടെ കൂടുതൽ വെളിപ്പെടുത്തലുകളും പരാതികളും പുറത്തുവന്നത്. ഇതിന് പിന്നാലെ രാഹുൽ അനുകൂലികളിൽനിന്ന് വധഭീഷണിയടക്കം നേരിട്ടുവെന്ന് റിനി പറഞ്ഞിരുന്നു.
.jpg)

