എം ജി സർവകലാശാലയിലെ 30 അംഗ സെനറ്റിലേക്ക് കഴിഞ്ഞ സർക്കാരാണ് പാനലിനെ നിർദ്ദേശിച്ചതെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവന അടിസ്ഥാനരഹിതം ; ആർ ബിന്ദു

r bindhu

തിരുവനന്തപുരം : എം ജി സർവകലാശാലയിലെ 30 അംഗ സെനറ്റിലേക്ക് കഴിഞ്ഞ സർക്കാരാണ് പാനലിനെ നിർദ്ദേശിച്ചതെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവന അടിസ്ഥാനരഹിതമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മുൻ മന്ത്രി ആർ ബിന്ദു. കഴിഞ്ഞ സർക്കാർ ഒരു പാനലും നൽകിയിട്ടില്ല. ചാൻസലർ എന്ന നിലയ്ക്ക് ഗവർണർ നൽകിയ നിർദ്ദേശമായിരുന്നു അത്. ഒരു അഭിപ്രായ വ്യത്യാസം പോലും പുതിയ സർക്കാർ രേഖപ്പെടുത്തിയില്ലെന്നും ആർ ബിന്ദു കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയും മന്ത്രിമാരും സമ്പൂർണ്ണ മൗനം പാലിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരിയോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. പുതിയ സർക്കാർ വന്നതിനുശേഷം നടക്കുന്നത് മുൻ സർക്കാരിന്റെ തലയിൽ ഇടേണ്ട. യുഡിഎഫ് ബിജെപി ഡീലിന്റെ തുടർച്ചയാണിത്. ഗവർണർ തുടക്കം കുറിച്ച കാലവൽക്കരണ പദ്ധതി തട്ടും തടവും കൂടാതെ മുന്നോട്ടു കൊണ്ടുപോകുകയാണെന്നും ആർ ബിന്ദു വിമർശിച്ചു.

തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു മുൻ സർക്കാരിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയത്. ഗവർണർ ആളുകളെ നിയമിക്കാൻ തുടങ്ങിയത് തങ്ങൾ വന്നതിന് ശേഷമാണോ എന്നാണ് സതീശൻ ചോദിച്ചത്. യൂണിവേഴ്‌സിറ്റികളിൽ ഇത്തരം നിയമനങ്ങൾ നടക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. ഇത് പുതിയകാര്യമല്ല. തങ്ങൾ വരുന്നതിന് മുൻപ് തന്നെ നടപടിക്രമങ്ങൾ നടന്നു. എം ജി സർവകലാശാലയിലെ സെനറ്റിലേക്ക് പാനൽ നൽകേണ്ടിയിരുന്നത് കഴിഞ്ഞ സർക്കാരാണ്. അവരാണ് നിയമിച്ചത്. തങ്ങൾ വന്ന ഉടൻ തന്നെ കാവിവൽക്കരണം തുടങ്ങി എന്നല്ലല്ലോ. എൽഡിഎഫ് സർക്കാർ അധികാരത്തിലുള്ളപ്പോൾ തന്നെ ഈ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയായാണ് ഈ സംഭവം. നിയമപരമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനോടായിരുന്നു ആർ ബിന്ദുവിന്റെ പ്രതികരണം.

Tags