പി.ആർ നടത്തി മേനി നടിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം യു.ഡി.എഫ് പൊളിച്ചടുക്കും : വി.ഡി. സതീശൻ

‘A section of senior leaders who are currently members of the assembly will have to retire’; V.D. Satheesan says Perumthachan complex should not be built

  പറവൂർ : പി.ആർ നടത്തി മേനി നടിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം യു.ഡി.എഫ് പൊളിച്ചടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാരിന്റെ ദുർഭരണം ജനജീവിതത്തെ എത്രമാത്രം ദോഷകരമായി ബാധിച്ചു എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ചർച്ച. 12 മാസമായി രാജ്യത്ത് ഏറ്റവും കൂടുതൽ വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളമെന്ന് സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയും സർക്കാരും വിലക്കയറ്റം കുറക്കാൻ എന്ത് നടപടിയാണ് എടത്തത്. ജനം വിലക്കയറ്റത്തിൽ പൊറുതി മുട്ടുമ്പോൾ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന്റെ സാന്നിധ്യം അവർ ആഗ്രഹിക്കും. അങ്ങനെ ഒരു സാന്നിധ്യം കേരളത്തിൽ ഉണ്ടായോ? സപ്ലൈകോ തകർന്നു.

സപ്ലൈകോയ്ക്ക് വിപണി ഇടപെടൽ നടത്താനാകുന്നില്ല. വിലക്കയറ്റം ഇല്ലാതാക്കാൻ സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചത്? നിസംഗരായി നിൽക്കുന്ന സർക്കാരിന് പ്രചരണം മാത്രമെയുള്ളു. ജനങ്ങൾ നൽകുന്ന നികുതി പണത്തിൽ നിന്നും കോടികൾ ചെലവളിച്ചാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതു വരെ പ്രചാരണം നടത്തിയത്. സർക്കാർ നടത്തിയത് തിരഞ്ഞെടുപ്പ് പ്രചരണമാണ്. സർക്കാർ നടത്തുന്നത് കള്ളപ്രചരണമാണ്.

ഒരു ലക്ഷത്തി പതിനായിരം കോടി രൂപ കിഫ്ബി ചെലവാക്കിയെന്നതാണ് ഒരു കള്ളപ്രചരണം. മുപ്പത്തി എണ്ണായിരം കോടി മാത്രമാണ് ചെലവഴിച്ചത്. അതിൽ തന്നെ മുപ്പതിനായിരം കോടി നികുതി വരുമാനത്തിൽ നിന്നുള്ളതാണ്. ബാക്കി എണ്ണായിരം കോടി കടമെടുത്തു. ആ കടവും കടമെടുപ്പ് പരിധിയിൽപ്പെടും. കിഫ്ബി ഇല്ലായിരുന്നെങ്കിലും മുപ്പതിനായിരം കോടി രൂപ വിവിധ വകുപ്പുകൾക്ക് ചെലവാക്കാമായിരുന്നു. എന്നിട്ടാണ് ഒരു ലക്ഷത്തി പതിനായിരം കോടി ചെലവാക്കിയെന്ന നുണ പ്രചരണം നടത്തുകയാണെന്ന് വി.ഡി. സതീശൻ ആരോപിച്ചു.

10 വർഷത്തേക്ക് അന്നം കൊടുത്തെന്നതാണ് മറ്റൊരു പ്രചരണം. ഏതെങ്കിലും സർക്കാരിന്റെ കാലത്ത് റേഷൻ മുടങ്ങിയിട്ടുണ്ടോ? ഇവർ പറയുന്നത് കേട്ടാൽ 10 വർഷമായി റേഷൻ മുടക്കാത്ത ആദ്യ സർക്കാരാണ് ഇതെന്ന് തോന്നും. കോൺഗ്രസ് കേന്ദ്രം ഭരിക്കുമ്പോൾ രാജ്യത്ത് ആദ്യമായി സ്റ്റാറ്റിയൂട്ടറി റേഷനിംഗ് നടപ്പിലാക്കിയത് കേരളത്തിലാണ്. ഇന്ത്യയിൽ ഏറ്റവും നല്ല പൊതുവിതരണ സംവിധനമുള്ള സംസ്ഥാനമാണ് കേരളം.

അച്യുതാനന്ദനും ഉമ്മൻ ചാണ്ടിയും എ.കെ ആന്റണിയും അച്യുതമേനോനും ഉൾപ്പെടെ മുഖ്യമന്ത്രിമാരുടെ കാലത്തും കേരളത്തിൽ റേഷൻ മുടങ്ങിയിട്ടില്ല. എന്നിട്ടാണ് പത്തു കൊല്ലം അന്നം തന്നു എന്ന് എഴുതിവച്ചിരിക്കുന്നത്. ഇവരുടെ ഔദാര്യമാണോ? ഇതുപോലെയാണ് കള്ളപ്രചരണം നടത്തുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് അഞ്ച് പേർ മരിച്ചെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരിക്കുകായണ്. ഇക്കാര്യത്തിൽ ഗൗരവതരമായ അന്വേഷണം നടത്തണം. ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്ന് പ്രതിപക്ഷം പറയുമ്പോൾ, വെന്റിലേറ്ററിലല്ല മോർച്ചറിയിലാണെന്നാണ് ജനങ്ങൾ പറയുന്നത്. എല്ലാരംഗത്തും സർക്കാർ പരാജയപ്പെട്ടു. എന്നിട്ടും പി.ആർ നടത്തി മേനി നടിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കന്നത്. അത് യു.ഡി.എഫ് പൊളിച്ചടുക്കുമെന്ന് സതീശൻ പറഞ്ഞു.

Tags