ഇതാണോ പിണറായി വിജയന്റെ പവർകട്ട് ഇല്ലാത്ത കേരളം? സംസ്ഥാനത്തെ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങിനെതിരെ വി.ഡി. സതീശൻ
തിരുവനന്തപുരം : കൊടുംചൂടിനിടയിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് പവർകട്ട് ഇല്ലാത്ത പത്ത് വർഷമെന്ന് അവകാശപ്പെട്ടവർ ഇപ്പോൾ ജനങ്ങളെ ഇരുട്ടിലാക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് യൂണിറ്റിന് 4.29 രൂപയ്ക്ക് വൈദ്യുതി വാങ്ങാൻ ഒപ്പിട്ട ദീർഘകാല കരാർ പിണറായി സർക്കാർ റദ്ദാക്കിയത് അഴിമതി ലക്ഷ്യമിട്ടാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ കുറഞ്ഞ വിലയ്ക്ക് കിട്ടുമായിരുന്ന 465 മെഗാവാട്ട് വൈദ്യുതിയാണ് നഷ്ടമായത്. കരാർ റദ്ദാക്കിയ ശേഷം 6 മുതൽ 12 രൂപ വരെ നൽകിയാണ് ഇപ്പോൾ വൈദ്യുതി വാങ്ങുന്നത്. ഇതിലൂടെ പ്രതിദിനം 15 മുതൽ 20 കോടി രൂപയുടെ നഷ്ടം കെ.എസ്.ഇ.ബിക്കുണ്ടാകുന്നു. അതേസമയം, സ്വകാര്യ കമ്പനികൾക്ക് 2000 കോടിയുടെ ലാഭമുണ്ടാക്കിക്കൊടുക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും സതീശൻ ആരോപിച്ചു.
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഈ നടപടി തുടർന്നാൽ യു.ഡി.എഫ് ശക്തമായ സമരപരിപാടികളുമായി തെരുവിലിറങ്ങും. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ ഈ കരാർ അട്ടിമറിയെക്കുറിച്ചും ഇതിന് പിന്നിൽ നടന്ന ഗൂഢാലോചനയെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിലെ ഉന്നതരും റെഗുലേറ്ററി കമ്മീഷനും സി.പി.എം നേതൃത്വവും ചേർന്നാണ് കേരളത്തെ ഈ വൈദ്യുതി പ്രതിസന്ധിയിലേക്ക് തള്ളിയിട്ടതെന്ന് വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
.jpg)

