ജനവികാരം പരിഗണിച്ചാകും യുഡിഎഫ് തീരുമാനങ്ങൾ കൈക്കൊള്ളുക, മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ പിന്തുണ വി.ഡി സതീശനെന്നാണ് എനിക്ക് തോന്നുന്നത് ; പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പിന്തുണച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. സതീശന് ലഭിക്കുന്ന പിന്തുണ ജനങ്ങളുടെ അഭിപ്രായം ആണെന്നല്ലേ മനസിലാക്കേണ്ടതെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. ജനവികാരം പരിഗണിച്ചാകും യുഡിഎഫ് തീരുമാനങ്ങൾ കൈക്കൊള്ളുകയെന്നും എക്‌സിറ്റ് പോൾ വലിയ ആത്മവിശ്വാസം നൽകുന്നുവെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.
'എക്‌സിറ്റ് പോളുകളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന് ലഭിച്ച പിന്തുണ ജനവികാരം ആണ്. ആളുകളുടെ അഭിപ്രായം അത് തന്നെയാണെന്നാണ് തോന്നുന്നത്. യുഡിഎഫ് ജനവികാരം പരിഗണിച്ചു തന്നെയായിരിക്കും തീരുമാനം എടുക്കുക. മുഖ്യമന്ത്രി സ്ഥാനത്തേക്കും ജനവികാരം പരിഗണിക്കും. ഒരു എജൻസി മാത്രമല്ല യുഡിഎഫിന് വിജയം പ്രഖ്യാപിക്കുന്നത്. യുഡിഎഫിന് വിജയമെന്നാണ് എല്ലാവരും ഒരുപോലെ പറയുന്നത്. എക്‌സിറ്റ് പോൾ വലിയ ആത്മവിശ്വാസം നൽകുന്നു. എക്‌സിറ്റ് പോളിൽ കാണിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ പ്രതീക്ഷിക്കുന്നു', സാദിഖ് അലി തങ്ങൾ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തിൽ തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡ് ആണെന്നും കോൺഗ്രസ് ഹൈക്കമാൻഡും ജനവികാരം മാനിച്ചായിരിക്കും തീരുമാനം എടുക്കുകയെന്നും സാദിഖ് അലി തങ്ങൾ പറഞ്ഞു. അവരും കാര്യങ്ങൾ മനസിലാക്കുന്നവരാണല്ലോയെന്നും സാദിഖ് അലി തങ്ങൾ പറഞ്ഞു. അവർ ഭാവി കാര്യങ്ങൾ മനസ്സിലാക്കുന്നവരാണന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
.jpg)

