പറയുന്ന കാര്യങ്ങളിൽ ഒട്ടും ഉറച്ചുനിൽക്കാത്ത ഇരട്ടത്താപ്പാണ് വി.ഡി. സതീശന്റെ പ്രധാന മുഖമുദ്ര : എം.വി. ഗോവിന്ദൻ
തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷമായ രാഷ്ട്രീയ ആക്രമണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്. പറയുന്ന കാര്യങ്ങളിൽ ഒട്ടും ഉറച്ചുനിൽക്കാത്ത ഇരട്ടത്താപ്പാണ് വി.ഡി. സതീശന്റെ പ്രധാന മുഖമുദ്രയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പി.എം. ശ്രീ പദ്ധതി, കരിമണൽ ഖനനം, മദ്യനയം തുടങ്ങിയ എല്ലാ വിഷയങ്ങളിലും മുഖ്യമന്ത്രി സ്വീകരിക്കുന്നത് ജനങ്ങളെ കബളിപ്പിക്കുന്ന നിലപാടാണ്. കുട്ടനാട് എം.എൽ.എയോട് നിയമസഭയിൽ കാണിച്ച സമീപനത്തോടെ, മുഖ്യമന്ത്രി പദവിയിൽ എത്തിയിട്ടും സതീശന്റെ ഈ കാപട്യ ശൈലിക്ക് യാതൊരു മാറ്റവുമില്ലെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുകയാണെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു.
യുഡിഎഫ് അധികാരത്തിൽ വന്നതിന് പിന്നാലെ മുൻ നിലപാടുകളെല്ലാം വി.ഡി. സതീശൻ കാറ്റിൽപ്പറത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻപ് ഇടതുസർക്കാർ പി.എം. ശ്രീ പദ്ധതി കൊണ്ടുവന്നപ്പോൾ അതിനെതിരെ കടുത്ത ഭാഷയിൽ സംസാരിച്ചവർ, അധികാരമേറ്റയുടൻ യാതൊരു ജാള്യതയുമില്ലാതെ അത് നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയാണുണ്ടായത്. കരിമണൽ ഖനനത്തിന്റെ കാര്യത്തിലും സ്വകാര്യവൽക്കരണത്തെക്കുറിച്ച് സഭയ്ക്ക് പുറത്ത് ഒരു നിലപാടും സഭയ്ക്കുള്ളിൽ മറ്റൊരു നിലപാടുമാണ് മുഖ്യമന്ത്രിക്കുള്ളത്. പുതിയ ബജറ്റിലൂടെ വൻകിട മദ്യ കമ്പനികൾക്ക് വൻ ഇളവുകളാണ് സർക്കാർ നൽകിയിരിക്കുന്നത്. ഖജനാവിന് 600 കോടിയോളം രൂപയുടെ നഷ്ടം വരുത്തിവെക്കുന്ന ഈ നയത്തിന് പിന്നിൽ വൻ അഴിമതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മദ്യനയവുമായി ബന്ധപ്പെട്ട് ഇടതുസർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങൾക്കും എം.വി. ഗോവിന്ദൻ കൃത്യമായ മറുപടി നൽകി. കശുമാങ്ങയോ പച്ചക്കറികളോ ധാന്യങ്ങളോ ഉപയോഗിച്ച് കർഷകർക്ക് വരുമാനമുണ്ടാക്കുന്ന രീതിയിൽ വീര്യം കുറഞ്ഞ തനത് മദ്യം ഉത്പാദിപ്പിക്കുന്നതിനെക്കുറിച്ച് മാത്രമാണ് മുൻ സർക്കാർ ചർച്ച ചെയ്തത്. അല്ലാതെ ബക്കാർഡി പോലുള്ള വൻകിട കമ്പനികൾക്ക് വേണ്ടിയായിരുന്നില്ല അത്. സഭയിൽ മുഖ്യമന്ത്രി ഒരു ഫയൽ ഉദ്ധരിച്ചതിലൂടെ മുൻ ഇടതുപക്ഷ സർക്കാരിന്റെ നിരപരാധിത്വം ജനങ്ങൾക്ക് ബോധ്യപ്പെട്ടുവെന്നും, ബക്കാർഡിയുടെ കത്ത് വന്നപ്പോൾ അതിന്റെ കൃത്യമായ നിർവചനവും പരിശോധനാ റിപ്പോർട്ടുമാണ് താൻ ആവശ്യപ്പെട്ടതെന്നും ഫയൽ വിവരങ്ങൾ വ്യക്തമാക്കി ഗോവിന്ദൻ വിശദീകരിച്ചു.
.jpg)

