ഖനന നിയമ ഭേദഗതി: പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

Chief Minister VD Satheesan explains that the state government has no role in the ED raid

സംസ്ഥാനങ്ങളുടെ ഭരണഘടനാപരവും ധനപരവുമായ അധികാരങ്ങളെ പരിമിതപ്പെടുത്തുന്ന പാർലമെന്റ് പാസാക്കിയ മൈൻസ് ആന്റ് മിനറൽസ് (ഡെവലപ്പ്‌മെന്റ് ആന്റ് റെഗുലേഷൻ) ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ഭേദഗതിയിലെ നിർദിഷ്ട സെക്ഷൻ 9 ഡി പ്രകാരം ധാതു നിക്ഷേപമുള്ള ഭൂമിക്ക് നികുതി, സെസ്, മറ്റ് ലെവികൾ എന്നിവ ചുമത്തുന്നതിനുള്ള അധികാരം കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾക്ക് വിധേയമാക്കുന്നത് സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അധികാരത്തെ ബാധിക്കും. ധാതുസമ്പത്തുള്ള ഭൂമി കേന്ദ്ര നിയന്ത്രണത്തിന്റെ പരിധിയിൽ കൊണ്ടുവരാനും കുടിശികയായ സംസ്ഥാന നികുതികൾ ഇല്ലാതാക്കാനുള്ള വ്യവസ്ഥകളും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സവിശേഷ ധാതു നിക്ഷേപമുള്ള കേരളത്തിന് പ്രത്യാഘാതമുണ്ടാക്കുന്നതാണ് ഭേദഗതി ബിൽ. ധാതു നിക്ഷേപമുള്ള ഭൂമിയുടെ മേൽ സംസ്ഥാനത്തിന്റെ ധനപരമായ അധികാരം പരിമിതപ്പെടുത്തുന്നത് സംസ്ഥാന വരുമാനത്തെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നികുതി വരുമാനത്തെയും പ്രതികൂലമായി ബാധിക്കും. കേരളം ഉയർത്തുന്ന ആശങ്കകളിൽ പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടലുണ്ടാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

2024-ലെ സുപ്രീം കോടതി വിധി പ്രകാരം ഖനനാവകാശത്തിനുള്ള റോയൽറ്റി നികുതിയല്ല. ഭരണഘടനയിലെ ഏഴാം പട്ടികയിലെ ലിസ്റ്റ് രണ്ടിലെ എൻട്രി 50 പ്രകാരം ഖനനാവകാശത്തിന് നികുതി ചുമത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്. ധാതുസമ്പത്തുള്ള ഭൂമിയ്ക്ക് എൻട്രി 49 പ്രകാരം ധാതുക്കളുടെ ഉൽപ്പാദനത്തിന്റെ അളവോ മൂല്യമോ അടിസ്ഥാനമാക്കി സംസ്ഥാനങ്ങൾക്ക് നികുതി ചുമത്താനുള്ള അധികാരം സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

Tags