'സഹാനുഭൂതിയും സദ്ഭരണവും എന്ന ലക്ഷ്യത്തിലേക്ക് സർക്കാർ കടന്നു' ; വി ഡി സതീശൻ

No guard of honour; Chief Minister V.D. Satheesan informs the police chief that there is no need to deploy military personnel for ceremonial functions

 തിരുവനന്തപുരം: സർക്കാർ അധികാരത്തിലേറി നൂറാം ദിനത്തിൽ അവകാശവാദവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. സഹാനുഭൂതിയും സദ്ഭരണവും എന്ന ലക്ഷ്യത്തിലേക്ക് സർക്കാർ കടന്നതായി മുഖ്യമന്ത്രി അവകാശപ്പെട്ടു. സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെയും ചേർത്തുപിടിച്ച് മുന്നോട്ടു പോകുമെന്നും സതീശൻ പറഞ്ഞു. വീക്ഷണം അടക്കമുള്ള മാധ്യമങ്ങളിൽ എഴുതിയ കുറിപ്പിലായിരുന്നു സതീശൻ അവകാശവാദം ഉന്നയിച്ചത്.

സർക്കാരിന് 100 ദിവസം തികയുമ്പോൾ സംസ്ഥാനം ഓണാഘോഷത്തിന്റെ ലഹരിയിലാണെന്നും വിപണിയിൽ കൃത്യമായി ഇടപെട്ട് വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചതെന്നും സതീശൻ പറഞ്ഞു. സപ്ലൈകോ, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകളിൽ 13 സബ്സിഡി സാധനങ്ങളും വില കൂട്ടാതെ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതായി സതീശൻ പറഞ്ഞു. മുൻവർഷങ്ങളിലേതുപോലെ ഒഴിഞ്ഞ റാക്കുകൾ എന്ന പരാതി പരിഹരിച്ച് സപ്ലൈകോയിൽ ആവശ്യത്തിന് സ്റ്റോക്ക് ഉറപ്പാക്കിയിട്ടുണ്ടെന്നും സതീശൻ അവകാശപ്പെട്ടു.

ചരിത്രത്തിലൊരിക്കലുമില്ലാത്ത ധനപ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴും ഒരു രൂപയുടെ പോലും അധിക നികുതി ചുമത്താതെയാണ് ആദ്യ ബജറ്റ് അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ പ്രതിസന്ധി നിറഞ്ഞ ധനസ്ഥിതിയിലും ക്ഷേമ പെൻഷൻ വിതരണം ഉൾപ്പെടെയുള്ള സാമൂഹിക ക്ഷേമ പരിപാടികൾ തടസപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. ഒരു മാസം പോലും ക്ഷേമ പെൻഷൻ മുടങ്ങരുതെന്നതാണ് സർക്കാരിന്റെ നിലപാട്. ഓണം പ്രമാണിച്ച് ഓഗസ്റ്റ് മാസത്തെ പെൻഷൻ വിതരണം നേരത്തെയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌കോളർഷിപ്പ് മുടങ്ങി പട്ടികജാതി-പട്ടികവർഗ വിദ്യാർത്ഥികളുടെ പഠനം തടസപ്പെട്ട അവസ്ഥയ്ക്ക് സർക്കാർ പരിഹാരം കണ്ടുവെന്നാണ് മറ്റൊരു അവകാശവാദം.

മുഖ്യമന്ത്രിയും മന്ത്രിമാരും വിമർശനത്തിന് അതീതരല്ലെന്നും സതീശൻ പറഞ്ഞു. വിമർശനങ്ങളെ സഹിഷ്ണുതയോടെ സമീപിക്കും. ആർക്കും തെറ്റുകൾ ചൂണ്ടിക്കാട്ടാം. അതിൽ കഴമ്പുണ്ടെങ്കിൽ തിരുത്താൻ സർക്കാരിന് മടിയില്ല. പക്ഷെ നിക്ഷിപ്ത താത്പര്യത്തോടെ സർക്കാരിനെ കളങ്കപ്പെടുത്താനോ വളഞ്ഞിട്ട് ആക്രമിക്കാനോ ശ്രമിച്ചാൽ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും. മൂന്ന് മാസം പ്രായമാകുന്നതിന് മുൻപെ സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് ചില മാധ്യമങ്ങളുടെ സഹായത്തോടെ ഒരു സംഘം പ്രവർത്തിച്ചത്. അവർ ഉന്നയിച്ച ആരോപണങ്ങൾക്കൊന്നും 24 മണിക്കൂർ ആയുസുണ്ടായില്ല. മാധ്യമ വാർത്തകൾ സർക്കാർ ഇടപെട്ട് സമൂഹമാധ്യമങ്ങളിൽ നിന്ന് പിൻവലിപ്പിച്ചുവെന്നത് നീചമായ പ്രചരണമായിരുന്നു. സർക്കാർ ഇടപെട്ടിട്ടേയില്ലെന്ന് മെറ്റ ഔദ്യോഗികമായി വിശദീകരണം നൽകിയതോടെ വ്യാജപ്രചാരകർക്ക് ഇനി എന്ത് പറയാനുണ്ട്? സമരം ചെയ്യുന്നവരാരും സർക്കാരിന്റെ ശത്രുക്കളല്ല. ആരെയും തുറന്ന മനസോടെ കേൾക്കും. ഏത് പ്രശ്നവും പരിഹരിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യും. പക്ഷെ ഒരു സമ്മർദ്ദ ശക്തിക്ക് മുന്നിലും സർക്കാർ കീഴടങ്ങില്ല. ജനങ്ങളാണ് തങ്ങളുടെ കരുത്തെന്നും സതീശൻ കൂട്ടിച്ചേർത്തു.

Tags