വിഡി സതീശൻ്റെ മുഖ്യമന്ത്രി മോഹം പൊലിയുന്നു, അദാനി 'ബന്ധവും' തെരുവിലെ പ്രകടനവും വിനയാകും

VD Satheesan CM ambitions are fading Adani bond and street demonstrations will be a disappointment

ന്യൂഡൽഹി: ഹൈക്കമാൻ്റ് വിലക്ക് ലംഘിച്ച് കോൺഗ്രസ്സ്  പ്രവർത്തകർ തെരുവിലിറങ്ങിയതും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിൻ്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചതും മുതൽ  വിഡി സതീശൻ - അദാനി ഗ്രൂപ്പ് കൂടിക്കാഴ്ചയുടെ നിർണായക ദൃശ്യങ്ങൾ പുറത്തായത് വരെയുള്ള നാടകീയ സംഭവങ്ങൾ മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള വിഡി സതീശൻ്റെ സാധ്യതയ്ക്ക് മങ്ങൽ എൽപ്പിക്കുന്നു.

വിഡി സതീശനോട് കടുത്ത അതൃപ്തിയിലാണ് ഹൈക്കമാൻ്റ് ഉള്ളതെന്നാണ് ലഭിക്കുന്ന വിവരം. കൂനിൻ മേൽകുരു എന്ന പോലെ ഈ വിവാദങ്ങൾക്കിടെ തന്നെ വി ഡി സതീശനും, രാഹുൽ ഗാന്ധിയുടെ ശത്രുവായ  അദാനി ഗ്രൂപ്പും തമ്മിലുള്ള  ബന്ധം പുറത്തുവന്നതും സതീശൻ വിഭാഗത്തിന് പ്രഹരമായിട്ടുണ്ട്. ബിഗ് ടിവിയാണ് ഇതു സംബസമായ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.

മെയ് ഒന്നിന് മംഗലാപുരത്ത് നടന്ന രഹസ്യ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ പുറത്തായതോടെ  കോൺഗ്രസ് - അദാനി - ബിജെപി കൂട്ടുകെട്ടാണ് ഇപ്പോൾ ചർച്ചയാകുന്നത്. അദാനി ഗ്രൂപ്പ് പ്രസിഡൻ്റ് കിഷോർ അൽവയുമായും എൻഡിഎ സഖ്യകക്ഷിയായ ജെഡിഎസ് നേതാക്കളുമായും സതീശൻ മണിക്കൂറുകളോളം ചർച്ച നടത്തിയിട്ടുണ്ട്. കൊച്ചിയിൽ നിന്നും മംഗലാപുരത്തേക്ക് സതീശൻ നടത്തിയ ചാർട്ടേഡ് വിമാന യാത്രയുടെ ചെലവ് വഹിച്ചത് അദാനി ഗ്രൂപ്പാണെന്ന ആരോപണവും ഇതിനകം തന്നെ ഉയർന്നു കഴിഞ്ഞു.

ദേശീയ തലത്തിൽ രാഹുൽ ഗാന്ധി തന്നെ അദാനി-ബിജെപി കൂട്ടുകെട്ടിനെതിരെ രംഗത്ത് വരുമ്പോൾ, കേരളത്തിൽ മുഖ്യമന്ത്രി പദവിയിലേയ്ക്ക് എത്താൻ ശ്രമിക്കുന്ന വി ഡി സതീശൻ്റെ അദാനി ഗ്രൂപ്പുമായുള്ള ബന്ധം കോൺഗ്രസ്സ് നേതാക്കളെയും ഞെട്ടിച്ചിട്ടുണ്ട്. ഇത് അതീവ ഗൗരവമായാണ് കാണുന്നത് എന്നാണ് ഹൈക്കമാൻ്റ് വൃത്തങ്ങൾ പറയുന്നത്. 

അദാനിയെ  പരസ്യമായി എതിർക്കുകയും രഹസ്യമായി ചർച്ച  നടത്തുകയും ചെയ്യുന്ന കോൺഗ്രസ്സ് നേതാവിൻ്റെ ഇരട്ടതാപ്പ് തുറന്നുകാട്ടി സി.പി.എം മുഖപത്രമായ ദേശാഭിമാനിയും രംഗത്ത് വന്നിട്ടുണ്ട്.

ബിജെപി പിന്തുണയോടെ എംഎൽസിയായ ബിഎം ഫാറൂഖിന്റെ വസതിയിലായിരുന്നു സതീശൻ്റെ  കൂടിക്കാഴ്ച എന്നാണ് ബിഗ് ടിവിയും ദേശാഭിമാനിയും പറയുന്നത്. കോൺഗ്രസ് വിട്ട് ജെഡിഎസിലെത്തിയ നേതാക്കളും ചർച്ചയിൽ പങ്കെടുക്കുന്നതും ഈ ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഈ രഹസ്യ കൂടിക്കാഴ്ചയിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം എന്നാണ് ദേശാഭിമാനി ആരോപിക്കുന്നത്. ശബരിമല സ്വർണ കവർച്ചാ കേസിലെ പ്രതിയും സതീശനോടൊപ്പം വിമാനത്തിലുണ്ടായിരുന്ന കെ റെജികുമാറും ഈ ചർച്ചയുടെ ഭാഗമായത് സതീശന്റെ ക്രിമിനൽ ബന്ധങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്നാണ് ആരോപണം. 'സാഫ്രൺ സ്ട്രോക്സ്' പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ആഡംബര വിമാനത്തിലായിരുന്നു സതീശന്റെ യാത്ര. വിഷയത്തിൽ കർണാടക കോൺഗ്രസ് ഘടകം ഹൈക്കമാൻഡിന് പരാതി നൽകിയിട്ടുണ്ട് എന്ന റിപ്പോർട്ടും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.

നേരത്തെ ചാർട്ടേഡ് വിമാനയാത്ര പുറത്ത് വന്ന വേളയിൽ മൂകാംബിക ദർശനത്തിനായാണ് ചാർട്ടേഡ് വിമാനത്തിൽ പോയതെന്നാണ് സതീശൻ ക്യാംപ് പറഞ്ഞിരുന്നത്. അതാണിപ്പോൾ കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ മറ്റൊരു തലത്തിൽ എത്തിനിൽക്കുന്നത്.

ഈ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സ്ഥാനം സതീശന് നൽകണമെന്ന് വാദിക്കുന്ന ഘടകകക്ഷികളും സതീശന് പിന്തുണ പ്രഖ്യാപിച്ചിരുന്ന ചില കോൺഗ്രസ്സ് നേതാക്കളും പിറകോട്ടടിച്ചതായാണ് ലഭിക്കുന്ന വിവരം.

Tags