കേരളം കണ്ട ഏറ്റവും വലിയ അവസരവാദിയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ : എ.എ. റഹീം

aa rahim

 കേരളം കണ്ട ഏറ്റവും വലിയ അവസരവാദിയാണ് മുഖ്യമന്ത്രി വി.ഡി. സതീശനെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എം.പി. അധികാരത്തിലെത്താൻ വേണ്ടി മാത്രം ജനങ്ങളോട് പച്ചക്കള്ളം പറഞ്ഞ അവസരവാദ രാഷ്ട്രീയത്തിന്റെ ആൾരൂപമാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡി.വൈ.എഫ്.ഐ തൃശ്ശൂർ ജില്ലാ സമ്മേളനം എരുമപ്പെട്ടിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണത്തിലെത്തിയാൽ കേന്ദ്രത്തിന്റെ പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറുമെന്ന് പ്രഖ്യാപിച്ചവർ, ഇപ്പോൾ അത് പ്രായോഗികമല്ലെന്ന് പറഞ്ഞ് യു-ടേൺ എടുത്തിരിക്കുകയാണെന്ന് റഹീം ചൂണ്ടിക്കാട്ടി. കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് പൂർണ്ണ സൗജന്യയാത്ര നൽകുമെന്ന് പറഞ്ഞിട്ട് ഇപ്പോഴത് ഓർഡിനറി ബസുകളിൽ മാത്രമാക്കി ഒതുക്കി. സംസ്ഥാനത്ത് സ്ഥിരം നിയമനങ്ങൾ ഇല്ലാതാകുന്നു. ജനങ്ങളോട് മുണ്ടുമുറുക്കിയുടുക്കാൻ ആവശ്യപ്പെടുന്നത് തീവ്ര വലതുപക്ഷ രാഷ്ട്രീയമാണ്. 1991-ൽ കോൺഗ്രസ് തുടക്കമിട്ടതും ഇപ്പോൾ കേന്ദ്രത്തിൽ നരേന്ദ്ര മോദി തുടരുന്നതുമായ അതേ സാമ്പത്തിക നയങ്ങൾ തന്നെയാണ് കേരളത്തിൽ വി.ഡി. സതീശനും നടപ്പിലാക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്ത് പ്രതിഷേധം ഉയർന്നപ്പോൾ പരീക്ഷാ ക്രമക്കേടുകൾ മറയ്ക്കാൻ ടെലഗ്രാം ആപ്പ് നിരോധിക്കുകയാണ് നരേന്ദ്ര മോദി സർക്കാർ ചെയ്തതെന്ന് റഹീം വിമർശിച്ചു.

ഇന്ത്യയിപ്പോൾ നിരോധനങ്ങളുടെ റിപ്പബ്ലിക്കായി മാറിയിരിക്കുകയാണ്. ധവളപത്രത്തിലൂന്നിയാണ് പുതിയ യു.ഡി.എഫ് സർക്കാർ മുന്നോട്ട് പോകുന്നതെങ്കിൽ, തെരുവിലിറങ്ങിയുള്ള പോരാട്ടങ്ങൾക്ക് കേരളം സാക്ഷിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ബുധനാഴ്ച രാവിലെ രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്ക് ശേഷം ജില്ലാ പ്രസിഡന്റ് ആർ.എൽ. ശ്രീലാൽ പതാകയുയർത്തിയതോടെയാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, സംസ്ഥാന ട്രഷറർ എസ്.ആർ. അരുൺബാബു, കേന്ദ്രക്കമ്മിറ്റിയംഗം ഗ്രീഷ്മാ അജയഘോഷ്, എം.എൽ.എമാരായ എം. വിജിൽ, എ.സി. മൊയ്തീൻ, സേവ്യർ ചിറ്റിലപ്പിള്ളി തുടങ്ങിയ പ്രമുഖ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുത്തു. 18 ബ്ലോക്കുകളിൽ നിന്നായി 400 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. വ്യാഴാഴ്ച ചർച്ചകളും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പുമുണ്ടാകും.

Tags