സ്ത്രീകളെ പരസ്യമായി അധിക്ഷേപിക്കുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്ത കേസ് ; ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ

ajith

 സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ പരസ്യമായി അധിക്ഷേപിക്കുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്ത കേസിൽ ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം സൈബർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

വനിതാ ശിശുവികസന വകുപ്പ് ഓഗസ്റ്റ് 14-ന് രാത്രി സ്ത്രീകൾക്കായി സംഘടിപ്പിച്ച ‘റീസർജ് – ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ എന്ന പ്രത്യേക പരിപാടിയെയും അതിൽ പങ്കെടുത്ത സ്ത്രീകളെയും ലക്ഷ്യമിട്ട് ഫെയ്സ്ബുക്ക് വഴി നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുമാണ് അറസ്റ്റിന് കാരണമായത്.

വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ നേരിട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബർ പൊലീസ് കേസെടുത്ത് നടപടികൾ സ്വീകരിച്ചത്. പരിപാടിയിൽ പങ്കെടുത്ത സ്ത്രീകൾക്കെതിരെ അജിത് കുമാർ ഫെയ്സ്ബുക്ക് വീഡിയോയിലൂടെ അങ്ങേയറ്റം മോശമായ രീതിയിലും ലൈംഗികച്ചുവയോടെയുമാണ് സംസാരിച്ചിരുന്നത്. സമൂഹത്തിൽ വലിയതോതിൽ പ്രതിഷേധത്തിന് ഇടയാക്കിയ ഈ സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് സൈബർ പൊലീസ് അറിയിച്ചു.

Tags