ശബരിമല സ്വർണക്കൊള്ളക്കേസിൽ വാസുവിനും മുരാരി ബാബുവിനും ബൈജുവിനും ജാമ്യമില്ല ; ഹരജി തള്ളി ഹൈകോടതി

No bail for Vasu, Murari Babu and Baiju in Sabarimala gold robbery case; High Court rejects plea
No bail for Vasu, Murari Babu and Baiju in Sabarimala gold robbery case; High Court rejects plea

കൊച്ചി : ശബരിമല സ്വർണക്കൊള്ള കേസിലെ 3 പ്രതികളുടെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ.വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു, മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്.ബൈജു എന്നിവരുടെ ജാമ്യ ഹർജിയാണ് ജസ്റ്റിസ് എ.ബദറുദീൻ തള്ളിയത്. ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല.

tRootC1469263">

ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ എന്നിവിടങ്ങളിലെ സ്വർണക്കവർച്ചയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു എന്ന കേസിലൊണ് പ്രതികള്‍ ജാമ്യഹർജി നൽകിയത്. നേരത്തേ സെഷൻസ് കോടതി ഇവരുടെ ജാമ്യഹർജി തള്ളിയിരുന്നു. ശ്രീകോവിലിലെ കട്ടിളപ്പാളികൾ ചെമ്പു പാളികളെന്ന പേരിൽ സ്വർണം പൂശാനായി കൈമാറിയ കേസിൽ മൂന്നാം പ്രതിയാണ് എൻ.വാസു. കട്ടിളപ്പാളിയിലെ സ്വര്‍ണപ്പാളികള്‍ ചെമ്പാണെന്ന് എഴുതാന്‍ കമ്മിഷണറായിരുന്ന എൻ.വാസുവാണ് നിര്‍ദേശം നല്‍കിയത് എന്നു കണ്ടെത്തിയതോടെയാണ് അദ്ദേഹത്തെ കേസിൽ പ്രതിയാക്കിയത്. ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ കൈമാറിയ കേസിൽ രണ്ടാം പ്രതിയും ശ്രീകോവിലിന്റെ കട്ടിളപ്പാളികൾ കൈമാറിയതിൽ ആറാം പ്രതിയുമാണ് മുരാരി ബാബു. ഏഴാം പ്രതിയാണ് കെ.എസ്.ബൈജു. 2019ൽ മഹസർ തയാറാക്കുന്ന സമയത്തും പാളികൾ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ പക്കൽ കൊടുത്തു വിട്ട സമയത്തും ബൈജുവായിരുന്നു തിരുവാഭരണം കമ്മിഷണർ. മുരാരി ബാബുവും ബൈജുവും രണ്ടു കേസുകളിലും ജാമ്യ ഹർജി സമർപ്പിച്ചിരുന്നു.

സ്വര്‍ണപ്പാളികൾ പൊതിഞ്ഞത് എന്നു രേഖപ്പെടുത്തുന്നതിനു പകരം ചെമ്പ് എന്നു രേഖപ്പെടുത്തിയതിൽ ദേവസ്വം ബോർഡ് ഉന്നതർക്ക് പങ്കുണ്ടെന്ന വാദമാണ് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ ഉന്നയിച്ചത്. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ഈ സമയം പ്രതികൾക്ക് ജാമ്യം നൽകിയാൽ അത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും നിലപാടെടുത്തു. അതേസമയം, നടപടിക്രമങ്ങൾ‌ പാലിക്കുക മാത്രമാണ് തങ്ങൾ ചെയ്തത് എന്നായിരുന്നു പ്രതികളുടെ വാദം. അറിയാവുന്ന കാര്യങ്ങൾ മാത്രമാണ് റജിസ്റ്ററിൽ‍‌ രേഖപ്പെടുത്തിയത്. ഇക്കാര്യത്തിൽ ഒറ്റയ്ക്ക് തീരുമാനം എടുത്തിട്ടില്ല. സ്വർണപ്പാളികൾ പൊതിഞ്ഞതാണ് എന്നതിന് രേഖാമൂലം തെളിവുകളില്ല. മൊഴികൾ മാത്രമാണുള്ളതെന്നും പ്രതികൾ വാദിച്ചെങ്കിലും ജാമ്യം അനുവദിക്കേണ്ടെന്ന തീരുമാനത്തിലേക്കാണ് കോടതി എത്തിയത്.

Tags