വന്ദേമാതരത്തിന്റെ രണ്ടാം ഭാഗത്തെ ദേശീയഗീതം എന്ന നിലയ്ക്ക് അംഗീകരിക്കുക അസാധ്യം ; കവി സച്ചിദാനന്ദൻ
‘ബങ്കിംചന്ദ്ര ചാറ്റർജിയെ പോലുള്ള ആളുകളുടെ ആനന്ദമഠം ഒക്കെ അക്കാലത്ത് വായിക്കപ്പെട്ടത് പലപ്പോഴും സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടാണ്. പക്ഷെ, അതിന് പിന്നീട് ഒരുപാട് പാരായണങ്ങൾ നടന്നിട്ടുണ്ട്. അതിലുള്ള ഹിന്ദുത്വ രാഷ്ട്രീയം എന്ന് ഇന്ന് നാം വിളിക്കുന്നതിന്റെ ബീജങ്ങൾ പല വായനക്കാർക്കും വിമർശകർക്കും കാണാൻ കഴിഞ്ഞിട്ടുണ്ട്. വന്ദേമാതരത്തിലും ഈതരത്തിലുള്ള ഹൈന്ദവം എന്ന് പറയാവുന്ന ബിംബങ്ങൾ ഉണ്ട്.
തൃശൂർ : വന്ദേമാതരത്തിന്റെ രണ്ടാം ഭാഗത്തെ ദേശീയഗീതം എന്ന നിലയ്ക്ക് അംഗീകരിക്കുക അസാധ്യമാണെന്ന് പ്രശസ്‍ത കവി കെ. സച്ചിദാനന്ദൻ. രണ്ടാം ഭാഗം കൃത്യമായും ഹൈന്ദവ പ്രാർഥന പോലെയായി മാറുന്നുണ്ട്. ഹിന്ദുക്കൾ ക്ഷേത്രങ്ങളിലോ അല്ലെങ്കിൽ ഹിന്ദുവിശ്വാസികൾ അവരുടെ സ്ഥലങ്ങളിലോ ഒക്കെ ചൊല്ലിക്കൊള്ളട്ടെ. പക്ഷേ നമ്മുടെ ദേശീയഗാനം എന്ന നിലയ്ക്ക് അതിനെ അംഗീകരിക്കുക ഇന്നത്തെ സാഹചര്യത്തിൽ അസാധ്യമാണ് -അദ്ദേഹം യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘ബങ്കിംചന്ദ്ര ചാറ്റർജിയെ പോലുള്ള ആളുകളുടെ ആനന്ദമഠം ഒക്കെ അക്കാലത്ത് വായിക്കപ്പെട്ടത് പലപ്പോഴും സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടാണ്. പക്ഷെ, അതിന് പിന്നീട് ഒരുപാട് പാരായണങ്ങൾ നടന്നിട്ടുണ്ട്. അതിലുള്ള ഹിന്ദുത്വ രാഷ്ട്രീയം എന്ന് ഇന്ന് നാം വിളിക്കുന്നതിന്റെ ബീജങ്ങൾ പല വായനക്കാർക്കും വിമർശകർക്കും കാണാൻ കഴിഞ്ഞിട്ടുണ്ട്. വന്ദേമാതരത്തിലും ഈതരത്തിലുള്ള ഹൈന്ദവം എന്ന് പറയാവുന്ന ബിംബങ്ങൾ ഉണ്ട്.
ടാഗോറിന്റെ കവിത പരിശോധിച്ചാലും പലയിടത്തും ഇതുള്ളതായി കാണാം. ഒരുപക്ഷേ ടാഗോറിന്റെ കാലത്ത് അത് അങ്ങനെ കാണപ്പെട്ടിരിക്കുമോ എന്ന കാര്യത്തിൽ എനിക്ക് ഉറപ്പ് പറയാൻ കഴിയില്ല. കാരണം അക്കാലത്ത് സ്വാതന്ത്ര്യ സമരത്തിനു വേണ്ടിയുള്ള വലിയ പ്രക്ഷോഭങ്ങൾ നടക്കുകയായിരുന്നു. അപ്പോ അതിൽ ആരൊക്കെ ഉണ്ടായിരുന്നു എന്ന് പോലും തിരിച്ചറിയാത്ത തരത്തിൽ സ്വാതന്ത്ര്യം എന്നുള്ള ഒറ്റ മുദ്രാവാക്യം മുഴക്കികൊണ്ടുള്ള ആളുകളായിരുന്നു. പക്ഷെ നമുക്ക് പിന്നീട് പലതും വ്യക്തമായി. അതിലുണ്ടായിരുന്ന പലരും ആർ.എസ്.എസിന്റെയോ ബി.ജെ.പിയുടെയോ ഒക്കെ മുൻഗാമികൾ ആയിരുന്നു എന്ന് നാം മനസ്സിലാക്കി. സ്കൂളുകളിൽ അവരെ പലരെയും കുറിച്ച് പഠിച്ചിട്ടുള്ളത് വലിയ ദേശസ്നേഹികൾ എന്ന നിലയിൽ മാത്രമാണ്. ദീൻ ദയാൽ ഉപാധ്യായ തുടങ്ങി എത്രയോ പേരുകൾ നമുക്ക് പറയാൻ കഴിയും. ഈ രാഷ്ട്രീയത്തിന്റെ അർഥം ക്രമേണ മാറിവരുന്നു.
മാറിയ ഒരു കാലാവസ്ഥയിൽ മുമ്പ് നിഷ്കളങ്കമായിരുന്ന ഒരു കാര്യം വളരെയധികം കളങ്കിതമാവുകയോ അല്ലെങ്കിൽ അപകടകരമായി മാറുകയോ ഒക്കെ ചെയ്തേക്കാം. വന്ദേമാതരത്തിലും വന്നിട്ടുള്ളത് ആത്തരത്തിലുള്ള ഒരു പാരായണ പരിവർത്തനമാണ് എന്നാണ് ഞാൻ പറയുക. അക്കാലത്തുള്ള ആളുകൾ കേട്ട പോലെയല്ല
ഇക്കാലത്തുള്ള ആളുകൾ വന്ദേമാതരത്തെ, പ്രത്യേകിച്ചും അതിലെ നീക്കം ചെയ്യപ്പെട്ട രണ്ടാം ഭാഗത്തെ കാണുന്നത്. കാരണം രണ്ടാം ഭാഗത്ത് അത് കൃത്യമായും ഏതാണ്ടൊരു ഹൈന്ദവ പ്രാർത്ഥന പോലെയായി മാറുന്നുണ്ട്. ദേശഗീതം എന്ന അതിന്റെ ആരംഭത്തിൽ നിന്ന്, രണ്ടാം ഭാഗം ഹൈന്ദവ കീർത്തനം എന്ന നിലയിലേക്ക് മാറുന്നുണ്ട്. ആ രണ്ടാം ഭാഗം ഹിന്ദുക്കളുടെ ക്ഷേത്രങ്ങളിലോ ഹിന്ദു വിശ്വാസികൾ അവരുടെ സ്ഥലങ്ങളിലോ ഒക്കെ ചൊല്ലിക്കൊള്ളട്ടെ. പക്ഷേ നമ്മുടെ ദേശീയ ഗീതം എന്ന നിലയ്ക്ക് അതിനെ അംഗീകരിക്കുക ഇന്നത്തെ സാഹചര്യത്തിൽ അസാധ്യമാണ് എന്ന് തന്നെയാണ് ഞാൻ പറയുക. അതിനെ ആവർത്തിക്കുകയോ എടുത്തുയർത്തുകയോ ഒക്കെ ചെയ്യുന്നതിൽ വലിയ അപകടമുണ്ട് എന്ന് തന്നെ ഞാൻ കരുതുന്നത്’ -സച്ചിദാനന്ദൻ പറഞ്ഞു.
.jpg)

