വന്ദനാ ദാസ് കൊലപാതകക്കേസ് ; പ്രതി സന്ദീപിന്റെ മാനസിക നില ഇന്നു വീണ്ടും പരിഗണിക്കും

വന്ദനാ ദാസ് കൊലപാതകക്കേസ് പ്രതി സന്ദീപിന്റെ മാനസികനില ഇന്ന് വീണ്ടും പരിശോധിക്കും. ഇതിനായി കസ്റ്റഡിയിലുള്ള പ്രതിയെ തിരുവനന്തപുരത്ത് മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും. മെഡിക്കല്‍ കോളജ് സൂപ്രണ്ടാണ് ബോര്‍ഡിനെ നയിക്കുന്നത്. പ്രതിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി.
ഡോക്ടര്‍ വന്ദനാ ദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപിന് കാര്യമായ മാനസികാരോഗ്യ പ്രശ്‌നമില്ലെന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ പതിവു പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണ് പരിശോധന നടത്തിയത്.
എന്നാല്‍ കഴിഞ്ഞ ദിവസം കോടതിയില്‍ പ്രതിയെ ഹാജരാക്കിയപ്പോള്‍ സന്ദീപിന് കടുത്ത മാനസിക സംഘര്‍ഷം ഉണ്ടെന്നും, ഇത് വീണ്ടും പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മാനസിക പരിശോധനയ്ക്കും, കൗണ്‍സിലിങ്ങിനും പ്രതിയെ വീണ്ടും വിധേയമാക്കുന്നത്.