വന്ദനാ ദാസ് കൊലപാതകം: പ്രതിയെ ഇന്ന് തെളിവെടുപ്പിനെത്തിച്ചേക്കും

google news
vandana

ഡോക്ടര്‍ വന്ദനാ ദാസ് കൊലപാതകക്കേസ് പ്രതി സന്ദീപിനെ ഇന്ന് തെളിവെടുപ്പിന് എത്തിച്ചേക്കും. സന്ദീപിന്റെ മാനസിക നില സംബന്ധിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും അന്വേഷണത്തിന്റെ അടുത്ത നടപടികള്‍ ക്രൈംബ്രാഞ്ച് സംഘം ആസൂത്രണം ചെയ്യുക.

ഡോക്ടര്‍ വന്ദനയെ കൊലപ്പെടുത്തിയ ദിവസം പ്രതി സന്ദീപിന്റെ വീട്ടിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് ക്രൈം ബ്രാഞ്ച് സംഘം അന്വേഷിച്ച് വിവരങ്ങള്‍ ശേഖരിച്ചു. പരിസരവാസികളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും മൊഴിയെടുത്തു. സന്ദീപിനെ പാര്‍പ്പിച്ചിരുന്ന പൂജപ്പുര സെന്‍ട്രല്‍ ജയിലിലുമെത്തി സൂപ്രണ്ടില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. 

സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പ്രതിയുടെ വീട്ടിലുമെത്തിച്ച് തെളിവെടുക്കേണ്ടതുമുണ്ട്. ഇന്ന് തന്നെ ആ നടപടി ക്രമം പൂര്‍ത്തിയാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. വന്ദനയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്രിക എങ്ങനെ കൈക്കലാക്കിയെന്നതടക്കം സന്ദീപ് വിശദീകരിക്കേണ്ടതുണ്ട്. ഇക്കാര്യത്തിലുള്ള ചോദ്യം ചെയ്യല്‍ ഇന്നും തുടരും.

Tags