വാല്‍പ്പാറ ദുരന്തം: അത്ഭുതകരമായി രക്ഷപ്പെട്ട പത്തുവയസ്സുകാരി ആശുപത്രി വിട്ടു

valpara

വയറ്റിലെ ആന്തരിക രക്തസ്രാവത്തെത്തുടർന്ന് സർജിക്കല്‍ ഐ.സി.യു.വില്‍ കഴിഞ്ഞിരുന്ന കുട്ടി അച്ഛൻ അബ്ദുള്‍ ഹക്കീമിനൊപ്പം പാങ്ങിലെ വീട്ടിലെത്തി

മലപ്പുറം: വാല്‍പ്പാറ ദുരന്തത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട പത്തുവയസ്സുകാരി മസ്‌നീൻ ആശുപത്രി വിട്ടു. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ നാല് ദിവസമായി ചികിത്സയിലായിരുന്ന മസ്‌നീൻ പൂർണ്ണ ആരോഗ്യവതിയായാണ് വീട്ടിലേക്ക് മടങ്ങിയത്.

വയറ്റിലെ ആന്തരിക രക്തസ്രാവത്തെത്തുടർന്ന് സർജിക്കല്‍ ഐ.സി.യു.വില്‍ കഴിഞ്ഞിരുന്ന കുട്ടി അച്ഛൻ അബ്ദുള്‍ ഹക്കീമിനൊപ്പം പാങ്ങിലെ വീട്ടിലെത്തി. അപകടത്തില്‍ തന്റെ പ്രിയപ്പെട്ട ഉമ്മയും അധ്യാപികയുമായ ഷക്കീല മരിച്ച വിവരം മസ്‌നീനെ ഇതുവരെ അറിയിച്ചിട്ടില്ല.

കുട്ടിയുടെ മാനസികാവസ്ഥ പരിഗണിച്ചും വിദഗ്ധരുടെ നിർദ്ദേശപ്രകാരവും ഏതാനും ദിവസത്തെ വിശ്രമത്തിന് ശേഷം മാത്രമേ ഈ വിവരം പങ്കുവെക്കുകയുള്ളൂ. 

മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ.എല്‍ പി സ്‌കൂളില്‍ നിന്നുള്ള അധ്യാപകരും ജീവനക്കാരുമാണ് അപകടത്തില്‍പ്പെട്ടത്. പാങ്ങ് ജിഎല്‍പി സ്‌കൂളിലെ പ്രധാനാധ്യാപിക അജിത (54), അധ്യാപകാരായ റംല (52), സുഹറ(43), ആശ(41), മജീദ് (43), മജീദിന്റ ഭാര്യ റുഖിയ (39),

സ്‌കൂളിലെ പാചകത്തൊഴിലാളി സാജിത (45), പാങ്ങ് ജിഎല്‍പി സ്‌കൂളില്‍ നിന്നും സമീപത്തെ പാങ്ങി ജിയുപി സ്‌കൂളിലേക്ക് അടുത്തിടെ മാറിയ അധ്യാപിക ഷക്കീന (47) എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്. സുഹറയുടെ മകന്‍ ഹിഷാം (12) പൊള്ളാച്ചി ആശുപത്രിയില്‍ എത്തിയ ശേഷവും മരിച്ചു.ഡ്രൈവര്‍ ഉള്‍പ്പെടെ 13 പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. 

Tags