വാജിവാഹന വിവാദം മുതൽ സ്വർണക്കൊള്ള വരെ ; തന്ത്രികുടുംബത്തെ വിടാതെ പിൻതുടർന്ന വിവാദങ്ങൾ , അന്വേഷണം എവിടേക്ക് ?
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവരെ എസ്ഐടി അറസ്റ്റ് ചെയ്തത് വിശ്വാസികളെയടക്കം ഞെട്ടിച്ചിരിക്കുകയാണ്.ക്ഷേത്രത്തിന്റെ സർവ്വാധിപതിയായ തന്ത്രിയുടെ അറസ്റ്റ് സ്വർണക്കൊള്ള കേസിൽ നിർണ്ണായകമാവുകയാണ്. തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിൽ വച്ച് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഈ പശ്ചാത്തലത്തിലാണ് തന്ത്രി കുടുംബങ്ങൾക്ക് നേരെ മുൻപ് ഉയർന്ന് വന്ന വിവാദങ്ങളും ചർച്ചയാകുന്നത്
ശബരിമലയിൽ 2017-ൽ പുതിയ സ്വർണക്കൊടിമര പ്രതിഷ്ഠ നടന്നപ്പോൾ പഴയ കൊടിമരത്തിന്റെ മുകളിലെ വാജിവാഹനം തന്ത്രി രാജീവര് കൈവശപ്പെടുത്തിയെന്ന ആരോപണം ശബരിമല സ്വർണക്കൊള്ളക്കേസിന്റെ തുടക്കത്തിൽ ഉയർന്നിരുന്നു. പഴയ കൊടിമരം മാറ്റുമ്പോൾ അതിനുമുകളിൽ പ്രതിഷ്ഠിച്ചിരുന്ന വാഹനത്തിന്റെ അവകാശം വിവാദമുയർന്നപ്പോൾ തന്ത്രിക്കാണെന്ന് രാജീവര് പ്രതികരിച്ചിരുന്നു.
ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ വാഹനമാണ് കൊടിമരത്തിനു മുകളിൽ പ്രതിഷ്ഠിക്കുക. ശബരിമലയിൽ അയ്യപ്പൻ വിലയം പ്രാപിച്ചിരിക്കുന്നത് ധർമശാസ്താവിലാണ്. ധർമശാസ്താവിന്റെ വാഹനമായി സങ്കല്പിച്ചിരിക്കുന്നത് വാജി(കുതിര)യെയാണ്. പഞ്ചലോഹത്തിലുള്ള പഴയ വാജിവാഹനം ഇപ്പോൾ രാജീവരുടെ വീട്ടിലാണുള്ളത്. വിവാദമുയർന്ന പശ്ചാത്തലത്തിൽ അത് ദേവസ്വം ബോർഡ് ഏറ്റെടുക്കണമെന്ന് അദ്ദേഹം കത്തെഴുതിയെങ്കിലും ബോർഡ് തയ്യാറായിട്ടില്ല.
ശബരിമല തന്ത്രി കുടുംബമായ താഴമൺ മഠവുമായി ബന്ധപ്പെട്ട് വിവിധ കാലഘട്ടങ്ങളിൽ ഉണ്ടായ പ്രധാന നിയമനടപടികളും വിവാദങ്ങളും
1. കണ്ഠര് മോഹനര് കേസ്; 2006-ശബരിമല തന്ത്രിയായിരുന്ന കണ്ഠര് മഹേശ്വരരുടെ മൂത്തമകനാണ് കണ്ഠര് മോഹനര്. അന്നത്തെ ശബരിമല തന്ത്രിയായിരുന്ന കണ്ഠര് മോഹനരെ കുപ്രസിദ്ധ കുറ്റവാളികളായ ശോഭാ ജോണും സംഘവും ബ്ലാക്ക് മെയിൽ ചെയ്‌തെന്നായിരുന്നു കേസ്.
ലൈംഗികസംബന്ധമായ കേസായതിനാൽ മോഹനരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് തന്ത്രി സ്ഥാനത്തുനിന്ന് നീക്കി. തുടർന്ന് മോഹനർക്ക് വേദങ്ങളിലോ, പൂജാവിധികൾ സംബന്ധിച്ചോ കൃത്യമായ അറിവില്ലെന്ന് ജസ്റ്റിസ് കെ.എസ്. പരിപൂർണൻ കമ്മിഷൻ കണ്ടെത്തി. തന്ത്രിസ്ഥാനം തിരിച്ചുകിട്ടാൻ അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് സി.കെ ഗുപ്തന് കണ്ഠര് മോഹനര് ഒരു കോടി രൂപ വാഗ്ദാനം ചെയ്തതതായി ഗുപ്തൻ 2018-ൽ വെളിപ്പെടുത്തുകയുംചെയ്തു.
യുവതീപ്രവേശ ശുദ്ധിക്രിയയും കോടതിയലക്ഷ്യവും
2018-ലെ സുപ്രീം കോടതി വിധിയെത്തുടർന്ന് 2019 ജനുവരി രണ്ടിന് ബിന്ദു അമ്മിണി, കനകദുർഗ എന്നീ യുവതികൾ ശബരിമലയിൽ ദർശനം നടത്തിയതിനെത്തുടർന്ന് തന്ത്രി കണ്ഠര് രാജീവര് നട അടച്ച് ശുദ്ധിക്രിയ നടത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. രാജീവരുടെ നടപടി തെറ്റെന്നു കാണിച്ച് ദേവസ്വംബോർഡ് നോട്ടീസ് നൽകി.
ക്ഷേത്രാചാരാനുഷ്ഠാനങ്ങൾ പാലിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്ന് അദ്ദേഹം നിലപാടെടുത്തു. 2018-ലെ ഭരണഘടനാ ബെഞ്ച് വിധിയുടെ ലംഘനമാണ് ശുദ്ധിക്രിയയെന്ന് ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യ ഹർജികൾ സമർപ്പിക്കപ്പെട്ടെങ്കിലും തീരുമാനമായില്ല.
.jpg)


