അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എംഡിഎംഎ കേസ്: മുഖ്യസൂത്രധാരനായ 22കാരനെ തിരിച്ചറിഞ്ഞു
വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ഷിന്റോ ഷിബു (22) ആണ് കേസിലെ പ്രധാന സൂത്രധാരനെന്ന് അന്വേഷണസംഘം കണ്ടെത്തി.
അധ്യാപികരമാര്‍ ഉള്‍പ്പെട്ട വടകര എംഡിഎംഎ കേസില്‍ പോലീസ് അന്വേഷണം കൂടുതല്‍ ശക്തമാക്കുന്നതിനിടെ, ലഹരിയിടപാടിന്റെ പ്രധാന ആസൂത്രകനെ പോലീസ് തിരിച്ചറിഞ്ഞു. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ഷിന്റോ ഷിബു (22) ആണ് കേസിലെ പ്രധാന സൂത്രധാരനെന്ന് അന്വേഷണസംഘം കണ്ടെത്തി. പിടിയിലായ അധ്യാപികമാര്‍ ഇരിട്ടി സ്വദേശിയായ ഓണ്‍ലൈന്‍ ഡെലിവറി ഏജന്റായ ജിജില്‍ കുര്യാക്കോസിനാണ് പണം കൈമാറിയിരുന്നത്. ജിജില്‍ ഈ തുക ഷിന്റോയുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
വിതരണം ചെയ്ത ലഹരിമരുന്നിന്റെ ഉറവിടം ഷിന്റോയാണെന്ന് വ്യക്തമായതോടെ ഇയാളെ കണ്ടെത്താന്‍ പോലീസ് വലവീശിക്കഴിഞ്ഞു. നിലവില്‍ ഒളിവിലുള്ള പ്രതിക്കായി അയല്‍ സംസ്ഥാനങ്ങളിലടക്കം തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇയാള്‍ പിടിയിലാകുന്നതോടെ വന്‍ ലഹരി ശൃംഖലയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പോലീസ് കരുതുന്നത്.പേരാമ്പ്ര ബിആര്‍സിയിലെ മൂന്നു അധ്യാപികമാരടക്കം അഞ്ചുപ്രതികള്‍ കേസില്‍ റിമാന്‍ഡിലാണ്.
.jpg)

