വടകരയിലെ ലഹരി ഇടപാട് കേസ്, അധ്യാപിക കാവ്യയെയും ജോലിയിൽ നിന്ന് പിരിച്ച് വിട്ടു

D

ബിആർസിക്ക് കീഴിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ ആയിരുന്നു കാവ്യ

കോഴിക്കോട്: വടകരയിലെ ലഹരി ഇടപാട് കേസില്‍ പ്രതിയായ അധ്യാപിക കാവ്യയെയും ജോലിയിൽ നിന്ന് പിരിച്ച് വിട്ടു.അറസ്റ്റിന് പിന്നാലെ കീര്‍ത്തനയെ ബിആര്‍സി പിരിച്ചു വിട്ടിരുന്നു.  ബിആർസിക്ക് കീഴിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ ആയിരുന്നു കാവ്യ. രണ്ട് അധ്യാപികമാരും സ്‌കൂളില്‍ കരാര്‍ അടിസ്ഥാനത്തിലാണ് ജോലി ചെയ്തിരുന്നത്.

അതേസമയം, ലഹരി ഇടപാട് കേസിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. പ്രതികളായ കാവ്യയും കീര്‍ത്തനയും വളരെ ആസൂത്രിതമായാണ് ലഹരി ഇടപാട് നടത്തിയതെന്നാണ് കണ്ടെത്തല്‍. ലഹരി ആവശ്യമുള്ളവര്‍ പണം അയക്കുന്നത് ഇവരുടെ അക്കൗണ്ടിലേക്കാണ്.

ലഹരി ഒളിപ്പിച്ച് വെച്ച ലൊക്കേഷന്‍ പണം നല്‍കിയവര്‍ക്ക് ഇവര്‍ കൈമാറും. അവിടെ വെച്ച് മറ്റൊരു സംഘമാണ് ലഹരി കൈമാറുന്നത്. വലിയ അളവില്‍ പണം എത്തിയാല്‍ സംശയം തോന്നാതിരിക്കാന്‍ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റും. ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപയാണ് അക്കൗണ്ടുകളിലേക്ക് എത്തിയത്. കാവ്യ ആഡംബര കാര്‍ വാങ്ങിയത് ലഹരി പണം ഉപയോഗിച്ചാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Tags