വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽനിന്ന് പണം തട്ടി ; വടകര സ്വദേശിനി പിടിയിൽ
മാനന്തവാടി : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽനിന്ന് പണം തട്ടിയ കേസിൽ സ്ത്രീ അറസ്റ്റിൽ. വടകര പറയുള്ളതിൽ ലത സുനിലിനെയാണ് (59) എസ്.ഐമാരായ കെ. സിൻഷ, പി.ജെ. റെജി, എ.എസ്.ഐ സി.വി. ഗീത, എസ്.സി.പി.ഒ റയീസ്, ഡ്രൈവർ എസ.സി.പി.ഒ ടൈറ്റസ് എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞദിവസം കരിപ്പുർ വിമാനത്താവളത്തിൽനിന്നു പിടികൂടിയത്.
ആറാട്ടുതറ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് ഇവർക്കെതിരെ കേസ്. ഒമാനിൽ പുതിയതായി തുടങ്ങുന്ന സ്ഥാപനത്തിൽ 70,000 രൂപ മാസ ശമ്പളത്തിൽ സെയിൽസ്മാൻ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. വിസയ്ക്കുള്ള ചെലവെന്ന് പറഞ്ഞ് ആറാട്ടുതറ സ്വദേശിക്കു പരിചയമുള്ള 21 പേരടക്കം 51 ആളുകളിൽനിന്നാണ് ലത പണം വാങ്ങിയത്.
പിന്നീട് വിദേശത്തേക്കു കടന്ന ഇവർക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. മസ്‌കത്തിൽനിന്നു വരുന്നതിനിടെയാണ് ലതയെ പൊലീസ് അറസ്റ്റുചെയ്തത്. 2025 ജനുവരിയിലാണ് ആറാട്ടുതറ സ്വദേശിയിൽനിന്ന് 65,000 രൂപ കൈക്കലാക്കിയത്.
മറ്റുള്ളവരിൽനിന്ന് പല ദിവസങ്ങളിലായി 75,000 രൂപ വീതം ബാങ്ക് അക്കൗണ്ടിലൂടെ കൈക്കലാക്കി. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് നടത്തിയ അന്വേഷണത്തിൽ ലത നൽകിയ മേൽവിലാസത്തിൽ 10 വർഷമായി താമസമില്ലന്നും വിദേശത്തേക്ക് കടന്നതായും കണ്ടെത്തിയിരുന്നു. തുടർന്നാണ് ലുക്ക് ഔട്ട് സർക്കുലർ ഇറക്കിയത്.
.jpg)

