ഷോൺ ജോർജ് പുറത്തുവിട്ട രേഖകളെ കുറിച്ച് തനിക്കറിവില്ല, അതിന്റെ ആധികാരികത സംബന്ധിച്ച് വ്യക്തതയില്ല ; വി. മുരളീധരൻ
തിരുവനന്തപുരം: ശശിധരൻ കർത്ത പണം നൽകിയവരുടെ പട്ടിക പുറത്തുവിട്ട ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജിനെതിരെ മുൻ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരൻ. രേഖയിൽ മുരളീധരന്റെ പേര് ഉൾപ്പെട്ടതാണ് പാർട്ടിയിൽ ഭിന്നതക്കിടയാക്കിയത്.
ഷോൺ ജോർജ് പുറത്തുവിട്ട രേഖകളെ കുറിച്ച് തനിക്കറിവില്ലെന്നും അതിന്റെ ആധികാരികത സംബന്ധിച്ച് വ്യക്തതയില്ലെന്നും മുരളീധരൻ പറഞ്ഞു. അതുസംബന്ധിച്ച ചോദ്യങ്ങൾ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘ഷോൺ ജോർജ് രേഖ എന്തിനാ പുറത്തുവിട്ടത്? ഷോൺ ജോർജിന്റെ ഉദ്ദേശ്യം എന്തായിരുന്നു? ഇതൊക്കെ നിങ്ങൾ ഷോൺ ജോർജിനോട് ചോദിക്ക്. ആ ചോദ്യത്തിന്, ആ രേഖയെ കുറിച്ച് എനിക്ക് ഒരു അറിവുമില്ല. എനിക്ക് ഷോൺ ജോർജിന്റെ രേഖയെ കുറിച്ച് എനിക്ക് ഒരു ഉത്തരവാദിത്വവും ഇല്ല. ആ രേഖയുടെ ആധികാരികതയെ കുറിച്ചും ഞാൻ ഒന്നും പറയില്ല. കാരണം ഞാൻ ആ രേഖ കണ്ടിട്ടില്ല. കണ്ടിട്ടില്ലാത്ത രേഖയെ കുറിച്ച് എനിക്ക് എങ്ങനെ പറയാൻ പറ്റും? സംസ്ഥാന വൈസ് പ്രസിഡന്റിനെ കുറിച്ചുള്ള ചോദ്യം ചോദിക്കേണ്ടത് പ്രസിഡന്റിനോടാണ്. വൈസ് പ്രസിഡന്റിനോട് ചോദ്യം ചോദിക്കാൻ മുൻ കേന്ദ്ര മന്ത്രിക്കും മുൻ ദേശീയ നിർവാഹ സമിതി അംഗത്തിനും അധികാരമില്ല’ -അദ്ദേഹം പറഞ്ഞു.
ഷോണിനെതിരായ വി. മുരളീധരന്റെ പരസ്യമായ രോഷപ്രകടനത്തിലൂടെ ബി.ജെ.പിക്കുള്ളിലെ ഭിന്നതയാണ് ഇപ്പോൾ മറനീക്കി പുറത്തുവരുന്നത്. ഷോൺ ജോർജ് ഈ രേഖ പുറത്തുവിട്ടതുവഴി തന്റെ പേര് അതിലേക്ക് വലിച്ചിട്ടതിലുള്ള അതൃപ്തിയാണ് അദ്ദേഹം പ്രകടിപ്പിക്കുന്നത്.
സംസ്ഥാന പ്രസിഡന്റിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഷോൺ ജോർജ് അങ്ങനെ ഒരു വെളിപ്പെടുത്തൽ നടത്തുമോ എന്നതാണ് മുരളീധര പക്ഷത്തിന്റെ വിമർശനം. അതിനാലാണ് ഷോൺ പത്രസമ്മേളനം നടത്തി പരസ്യപ്പെടുത്തിയ രേഖയുടെ ആധികാരികതയിൽ മുരളീധരൻ സംശയം പ്രകടിപ്പിച്ചത്.
.jpg)

