കള്ളക്കണക്ക് പറയാതെ ആശാവര്‍ക്കര്‍മാരുമായി സർക്കാർ ചർച്ചയ്ക്ക് തയാറാകണം : വി.മുരളീധരൻ


ആശാവര്‍ക്കര്‍മാരുടെ സമരത്തിൽ കേന്ദ്രത്തെ പഴിചാരുന്ന സംസ്ഥാന സർക്കാർ കള്ളം ആവര്‍ത്തിക്കുകയാണെന്ന് മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്‍. ദേശീയ ആരോഗ്യദൗത്യത്തിന്റെ ഭാഗമായി കേരളത്തിന് നല്‍കാനുള്ള മുഴുവന്‍ തുകയും കേന്ദ്രസര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞതാണ്. പാർലമെന്‍റിൽ വച്ച കണക്ക് പ്രകാരം നൽകാനുള്ള 914.24 കോടി രൂപയിൽ 815.73 കോടി ജനുവരി 29 നകം നൽകിയിട്ടുണ്ട്. ബാക്കി തുക ഫെബ്രുവരി 12നും നൽകി. ഇത് തെറ്റെങ്കില്‍ സഭയെ തെറ്റിദ്ധരിപ്പിച്ചതിന് സിപിഎം അംഗങ്ങള്‍ പാര്‍ലമെന്‍റില്‍ അവകാശലംഘന നോട്ടീസ് നല്‍കണം.
2023–24 ലെ ഫണ്ട് വിനിയോഗത്തിന് കേന്ദ്രം തടസം നിന്നുവെന്ന വാദവും തെറ്റാണ്. 2023–24 ലെ ഫണ്ട് കേരളത്തിന് നഷ്ടമായത് കേന്ദ്രപദ്ധതിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാത്തിനാലാണെന്നും വി.മുരളീധരൻ പറഞ്ഞു. കേന്ദ്രം നിര്‍ദേശിച്ച ബ്രാന്‍ഡിങ് നടപ്പാക്കാന്‍ കേരളം വൈകി.അതിനാല്‍ ഫണ്ട് ചിലവിട്ട് യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട നടപടിക്രമം പാലിക്കാനായില്ല. യുജിസി ശമ്പള പരിഷ്കരണത്തിലെ 750 കോടി കേരളത്തിന് നഷ്ടമായതും ഇപ്രകാരമാണെന്ന് അദ്ദേഹം വിശദീകരിച്ചു.
കേന്ദ്രം എന്‍എച്ച്എം ഫണ്ടായി തരുന്നതിന്‍റെ എത്രശതമാനമാണ് ആശ ഇന്‍സെന്‍റീവ് എന്ന കണക്ക് ആരോഗ്യമന്ത്രി പറയണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു. സിക്കിമിലെ കോർഡിനേറ്റർമാർ നൽകുന്ന മറുപടിയാണോ പാര്‍ലമെന്‍റില്‍ വച്ച മറുപടിയാണോ ആധികാരികമെന്നും അദ്ദേഹം ചോദിച്ചു.
